
കൽപ്പറ്റ: കന്നി അങ്കത്തിന് വയനാട്ടിലെത്തുന്ന പ്രിയങ്കയ്ക്കായി യു.ഡി.എഫ് ക്യാമ്പുകൾ സജീവം. വയനാട് പാർലമെന്റ് സീറ്റിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഒരു ലക്ഷം വോട്ടിന്റെ വീതം ഭൂരിപക്ഷം വേണമെന്ന നിർദ്ദേശമാണ് നേതൃത്വം നൽകിയിരിക്കുന്നത്.
ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി,മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട്, നിലമ്പൂർ എന്നിവയാണ് നിയമസഭാ മണ്ഡലങ്ങൾ. നാമനിർദ്ദേശ പ്രതിക സമർപ്പണത്തിന് മുമ്പ് പ്രിയങ്ക വയനാട്ടിലെത്തും. അമ്മ സോണിയയും സഹോദരൻ രാഹുലും ഒപ്പമുണ്ടാകുമെന്നാണ് വിവരം. 25നകം ബൂത്തുതല കൺവെൻഷനുകൾ പൂർത്തിയാക്കാനാണ് പരിപാടി.
ഇന്നലെ വയനാട്ടിൽ വനിതകളെ ഇറക്കിയുളള പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ പ്രധാന നേതാക്കളും പ്രവർത്തകരും പ്രചാരണത്തിന് വയനാട്ടിലെത്തും. വരും ദിവസങ്ങളിൽ ഗൃഹ സന്ദർശനം ഉൾപ്പെടെ സംഘടിപ്പിക്കും. നാളെ മുതൽ സംസ്ഥാന നേതാക്കൾ ചുരം കയറി തുടങ്ങും. എം.പിമാർക്കും എം.എൽ.എമാർക്കുമാണ് മണ്ഡലങ്ങളുടെ ചുമതല.