 
കൽപ്പറ്റ: കൽപ്പറ്റ ടൗണിനടുത്ത് പെരുന്തട്ടയിൽ പുലി ഭീതി ഒഴിയുന്നില്ല. രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ പുലികൾ ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികളുടെ ഉറക്കം കെട്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മണിക്കൂറുകളോളമാണ് പുലി ഭീതി പരത്തിയത്. പുലിയെ പിടികൂടാൻ കൂടു വെച്ചിട്ടുണ്ടെങ്കിലും കൂട്ടിൽ അകപ്പെടുന്നില്ല. നേരത്തെ സ്ഥാപിച്ച കൂട് സ്ഥലം മാറ്റിവെച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാഴ്ച മുമ്പാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പുള്ളി പുലി കൂടിന് അടുത്തുവരെ എത്തിയെങ്കിലും കൂട്ടിൽ കയറിയില്ല.
കെണിയാണെന്ന് തിരിച്ചറിഞ്ഞ പുള്ളിപ്പുലി കൂട് വെച്ച് ഭാഗത്തുനിന്ന് മാറി സഞ്ചരിക്കുകയായിരുന്നു. പെരുന്തട്ട സ്‌കൂൾ മതിലിൽ രാത്രിയിൽ പുലിയിരിക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. തുടർന്ന് സ്‌കൂളിന് സമീപത്തേക്ക് കൂട് മാറ്റി സ്ഥാപിച്ചു.
എന്നിട്ടും പുലി കൂട്ടിൽ കയറിയില്ല. മിനിറ്റുകളുടെ വ്യത്യാസത്തിൽ പ്രദേശവാസികൾ രണ്ടിടത്ത് പുലിയെ കണ്ടതോടെ ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടെന്ന് ഉറപ്പിച്ചു. വ്യാഴാഴ്ച രാത്രി ജനങ്ങൾ തിങ്ങി താമസിക്കുന്ന പെരിന്തട്ട ഗ്രൗണ്ടിന് സമീപമാണ് പുലി ഇറങ്ങിയത്. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയിട്ടും പുലി കൂസലില്ലാതെ നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരെ അവിടെനിന്ന് മാറ്റുകയായിരുന്നു.
സ്‌കൂളിന് അടുത്തുപോലും പുലി ഇറങ്ങാൻ തുടങ്ങിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശങ്കയിലാണ്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവിട്ട ശേഷം സ്‌കൂളിനടുത്ത് തന്നെ കാവൽ നിൽക്കേണ്ട അവസ്ഥയാണെന്ന് രക്ഷിതാക്കൾ പറയുന്നു. തേയിലത്തോട്ടത്തിൽ കാര്യമായ പരിചരണം നടത്താത്തതിനാൽ ചെടികൾ വൻതോതിൽ വളർന്നിട്ടുണ്ട്. തേയില തോട്ടത്തിനുള്ളിൽ നിന്ന് പുലിയുടെ ആക്രമണത്തിനിരയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കൂടുതൽ കൂടുകൾ വച്ച് പുലിയെ പിടികൂടാനുള്ള നീക്കം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.