മാനന്തവാടി: പേര്യ ചുരം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇന്ന് ബോയ്സ് ടൗണിൽ രാവിലെ 9.30 മുതൽ വഴി തടയൽ സമരം നടത്തുമെന്ന് കർമ്മ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരത്തിൽ മുഴുവൻ യാത്രക്കാരും സഹകരിക്കണമെന്നും, പ്രവർത്തികൾ അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ കണ്ണൂരിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജീനിയറുടെ ഓഫീസ് ഉപരോധിക്കുമെന്നും കർമ്മ സമിതി അറിയിച്ചു. ജുലൈ 30നാണ് പേരിയ ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ മന്ത്രി സഭ ഉപസമിതിക്ക് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് ബദൽ സംവിധാനം ഒരുക്കാതെയാണ് റോഡ് കുഴിച്ചു നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. കൂടാതെ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ അശാസ്ത്രിയമായി 11 മീറ്ററോളം ആഴത്തിൽ റോഡ് കുഴിച്ചാണ് പ്രവർത്തികൾ ആരംഭിച്ചതെന്ന് കർമ്മസമിതി ആരോപിച്ചു. ഇതോടെ പ്രവൃത്തി അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് പരസ്യ പ്രക്ഷോഭത്തിലേക്ക് നാട്ടുകാർ നീങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. അശാസ്ത്രിയമായ മണ്ണെടുപ്പ് മൂലം ഇപ്പോൾ കാൽനടയാത്ര പോലും സാധ്യമല്ലാതായി. ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം പ്രവർത്തിയിലേർപ്പെട്ട ഒരാൾ മരണപ്പെടുന്ന സാഹചര്യവും ഉണ്ടായി. എന്നിട്ടും ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി പ്രവർത്തി വേഗത്തിലാക്കാനുള്ള നടപടികൾ ഇല്ല, നിലവിൽ നിർമ്മാണ പ്രവർത്തി നിലച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം പേരിയ ടൗണിൽ സമര പ്രഖ്യാപന ജാഥ നടത്തി. ഇന്ന് മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് പ്രതിഷേധ സൂചകമായി കാട് വെട്ടി തെളിച്ചു. വാർത്തു സമ്മേളനത്തിൽ കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോയ്, കൺവീനർ സി.ടി പ്രേംജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സൽമ മോയി, ബാബു ഷജിൽ കുമാർ, ടി.കെ അയ്യപ്പൻ, എ.ജെ ജെയിംസ്, അഷ്റഫ് അമ്പിലാദി, കെ.സി നാസർ എന്നിവർ സംബന്ധിച്ചു.