naviya-haridas

മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തത്തിന്റെ പേരിൽ കേന്ദ്രഫണ്ട് നൽകുന്നില്ലെന്ന ഇടത്,വലത് മുന്നണികളുടെ വ്യാജ പ്രചാരണം തിരിച്ചറിയണമെന്ന് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യഹരിദാസ്. ദുരന്തമുഖത്തേക്ക് ഞാനും പോയതാണ്. നേരത്തേ സംഭവിച്ച പുത്തുമല ദുരന്തത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതാെന്നും നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ഫണ്ട് ശേഖരിച്ചു, കേന്ദ്രസഹായവും വാങ്ങി. നാലായിരത്താേളം പേരെ മാറ്റിപാർപ്പിക്കാൻ അന്ന് നിർദ്ദേശമുണ്ടായി. അത് പാലിച്ചില്ല. പാലിച്ചിരുന്നെങ്കിൽ ഈ ദുരന്തത്തിൽ മരണസംഖ്യ ഇത്രയും ഉയരുമായിരുന്നില്ല. ഇപ്പോൾ രണ്ട് തവണയായി 300 കോടി രൂപ നൽകി. ഇനിയും ഫണ്ട് വേണമെന്ന് പറയുന്നു. 782 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വാർഷിക ദുരിതാശ്വാസ ഫണ്ടിൽ ഉണ്ടെന്ന് കണക്കിൽ വ്യക്തമാണ് . പാക്കേജ് സമർപ്പിക്കാൻ പറഞ്ഞു. എന്താണ് പാക്കേജ്, എങ്ങനെയാണ് പുനരധിവാസം എന്നൊന്നും ഇതേവരെ വ്യക്തമാക്കിയിട്ടില്ല. പിന്നെങ്ങനെ ഫണ്ട് നൽകും? ദുരന്തത്തിന് ശേഷം കേന്ദ്രം ഉണർന്ന് പ്രവർത്തിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആദ്യമെത്തി.പിന്നെ പ്രധാനമന്ത്രിയും. 'കേരളകൗമുദി'യുമായി സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

സ്ഥാനാർത്ഥി പ്രഖ്യാപനം?

ഞാൻ പോലും പ്രതീക്ഷിച്ചില്ല. ഒരു സ്വപ്നം പോലെ. ഞങ്ങളുടേത് ബി.ജെ.പി കുടുംബമാണ്. വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്. ജയിക്കണം.

മത്സരം പുത്തരിയല്ലല്ലോ?

അല്ല.ഇന്ത്യയിൽ മറ്റെങ്ങും നടപ്പാക്കുംമുമ്പാണ് 2015ൽ കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വനിതാ സംവരണ വാർഡിൽ മത്സരിക്കേണ്ടി വന്നത്. ഭർത്താവിനൊപ്പം സിംഗൂപ്പരിലായിരുന്നു. അവധിക്ക് വന്ന സമയമായിരുന്നു. 120 വോട്ടിന്റെ ഭരിപക്ഷത്തിന് വിജയിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ജനറൽ വാർഡിലും മത്സരിച്ചു. 479 വോട്ടിന്റെ ഭൂരിപക്ഷം. അതുകഴിഞ്ഞ് കോഴിക്കോട് സൗത്തിൽ നിന്ന് നിയമസഭയിലേക്ക് അഹമ്മദ് ദേവർകോവിലിനെതിരെ മത്സരിച്ചു.

കുടുംബം?

പഠനത്തിനുശേഷം ഹൈദരാബാദിൽ എച്ച്.എസ്.ബി.സിയിൽ സോഫ്റ്റ് വേർ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് വിവാഹം.സിംഗപ്പൂരിൽ മറൈൻ റിഗ് ഓഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ താണ സ്വദേശി ഷോബിൻ ശ്യാമാണ് ഭർത്താവ്. മലാപ്പറമ്പ് വേദവ്യാസ സ്കൂൾ വിദ്യാർത്ഥികളായ സ്വാത്വിക് ഷോബിൻ, ഇഷാന ഷോബിൻ എന്നിവർ മക്കൾ. കാരപ്പറമ്പ് തുളുവത്ത് ടി.ഹരിദാസിന്റെയും ടി.എം.ശകുന്തളയുടെയും മകൾ.

ഫുൾ ടൈം രാഷ്ട്രീയം?

അന്ന് കാരപ്പറമ്പ് വാർഡിൽ ജയിക്കാതിരുന്നെങ്കിൽ, ഇപ്പോൾ ഭർത്താവിനൊപ്പം സിംഗപ്പൂരിൽ ആയിരുന്നേനെ. ഉത്തരവാദിത്വങ്ങൾ ഓരോന്നായി വന്നുചേരുകയായിരുന്നു.

വീട്ടിലെ കാര്യം?

ഞാൻ പുറത്തുപോകുമ്പോൾ കുട്ടികളെ അച്ഛനും അമ്മയും നോക്കും.എവിടെയും കാർ ഡ്രൈവ് ചെയ്ത് പോകും.വീട്ടിൽ ഞാൻ ഇല്ലെങ്കിലും മക്കളെല്ലാം നോക്കിക്കോളും.അവർ പ്രാപ്തരാണ്. അങ്ങനെയാണ് വളർത്തിയത്.