
□മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയുമെത്തും
കൽപ്പറ്റ :വയനാട് മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി
എം.പിയുമെത്തും.
ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ പത്രിക സമർപ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പെടെ വലിയ നിര റോഡ് ഷോയിൽ പങ്കെടുക്കും. പ്രിയങ്കാ ഗാന്ധിയും രാഹുൽഗാന്ധിയും ഇന്ന് വൈകിട്ടോടെ കണ്ണൂർ എയർപോർട്ടിലെത്തും.. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ബാംഗ്ളൂർ എയർ പോർട്ട് വഴിയാണ് എത്തുക. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിലാണ് എല്ലാവരും കഴിയുക.