
കൽപ്പറ്റ: വയനാടെന്ന ചരിത്ര ഭൂമികയിൽ വൻ വിജയ പ്രതീക്ഷയോടെ പ്രിയങ്കഗാന്ധി. നെഹ്റു കുടുംബത്തിലെ അഞ്ചാം തലമുറക്കാരി പ്രിയങ്കയുടേത് ഇത് കന്നിയങ്കം. മത്സരത്തിന്റെ ഭാഗമായി ചുരം കയറുമ്പോൾ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ മുഖമാണ് 52കാരിയായ പ്രിയങ്കയിലൂടെ പലരും കാണുന്നത്. ഈ അങ്കത്തിൽ വിജയിച്ചാൽ അമ്മയ്ക്കും സഹോദരനുമൊപ്പം പ്രിയങ്കയും പാർലമെന്റിലെത്തും.
2019ൽ രാഹുൽഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും പിന്നീട് ആറ് മാസം മുമ്പ് നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും പ്രിയങ്ക വയനാട്ടിലെത്തിയിരുന്നു. ഇന്നാണ് പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അമ്മ സോണിയഗാന്ധി ആദ്യമായി ചുരം കയറിയെത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,കോൺഗ്രസ് മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന നേതാക്കൾ എന്നിവരെല്ലാം വയനാട്ടിലെത്തിയിട്ടുണ്ട്.
അമേഠിയിലും റായ്ബറേലിയിലും അമ്മയ്ക്കും സഹോദരനും വേണ്ടി പ്രിയങ്ക വോട്ടു ചോദിക്കാനിറങ്ങിയിരുന്നു. എന്നാൽ 1997ൽ റോബർട്ട് വാദ്രയയുമായുള്ള വിവാഹ ശേഷം പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് വരാൻ സാദ്ധ്യത കുറവാണെന്നായിരുന്നു സംസാരം. എന്നാൽ പിന്നീടുള്ള രാഷ്ട്രീയ സാഹചര്യം പ്രിയങ്കയെ അതിന് അനുവദിച്ചില്ല. ബുദ്ധമത പ്രഭാഷകനായ എസ്. എൻ.ഗോയങ്കയുടെ കീഴിൽ വിപാസന ധ്യാനവുമായി കഴിഞ്ഞിരുന്ന പ്രിയങ്കയ്ക്ക് രാഷ്ട്രീയ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കേണ്ടി വന്നു.
കഴിഞ്ഞ ജൂൺ 17നാണ് പ്രിയങ്കയായിരിക്കും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. വയനാട് മണ്ഡലം ഒഴിയേണ്ടി വന്നപ്പോൾ വയനാട്ടുകാർ നിരാശപ്പെടേണ്ടെന്ന് അന്ന് രാഹുലും പറഞ്ഞിരുന്നു.
മികച്ച പ്രതിനിധിയാകും: രാഹുൽ
ന്യൂഡൽഹി: വയനാട്ടിന്റെ പ്രതിനിധിയാകാൻ ഏറ്റവും യോജിച്ച വ്യക്തിയാണ് സഹോദരി പ്രിയങ്കാ ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്രികാ സമർപ്പണത്തിന് കേരളത്തിലേക്ക് പുറപ്പെടും മുൻപ് സമൂഹമാദ്ധ്യമമായ എക്സിലെ പോസ്റ്റിലാണ് രാഹുൽ ഇക്കാര്യം സൂചിപ്പിച്ചത്. വയനാട്ടിലെ ജനങ്ങൾക്ക് എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്, അവർക്ക് തന്റെ സഹോദരി പ്രിയങ്കയേക്കാൾ മികച്ചൊരു പ്രതിനിധിയെ കുറിച്ച് സങ്കല്പിക്കാൻ കഴിയില്ല. അവൾ വയനാടിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ച പ്രതിനിധിയും പാർലമെന്റിലെ ശക്തമായ ശബ്ദവും ആകുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ലക്ഷ്യം വൻ ഭൂരിപക്ഷം
രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രിയങ്കയ്ക്ക് വേണ്ടി വയനാട്ടിൽ ലക്ഷ്യമിടുന്നത്. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ രാഹുൽ നേടിയത് ചരിത്ര ഭൂരിപക്ഷമാണ്. 4,31,770 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 3,64,422 ആയി കുറഞ്ഞു. റായ്ബറേലിയിൽ രാഹുലിന്റെ ഭൂരിപക്ഷം 3,90,000 ആയിരുന്നു.
4,31,770
രാഹുലിന് 2019ൽ ലഭിച്ച ഭൂരിപക്ഷം
3,64,422
2024ൽ ലഭിച്ച ഭൂരിപക്ഷം