
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി ഇന്നലെ വൈകിട്ട് വയനാട്ടിലെത്തി. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് സുൽത്താൻ ബത്തേരിയിലെ സപ്ത റിസോർട്ടിലെത്തിയത്. രാത്രി 8.44ന് സോണിയാഗാന്ധിയാണ് ആദ്യമെത്തിയത്. ഒപ്പം പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയുമുണ്ടായിരുന്നു. പത്ത് മിനിട്ടിന് ശേഷമാണ് പ്രിയങ്കാ ഗാന്ധി മറ്റൊരു കാറിലെത്തിച്ചേർന്നത്. എ.ഐ.സി. സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ഇരുവരെയും സ്വീകരിച്ചു.
ഇന്ന് 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്‌ക്കൊടുവിൽ 12.30നാണ് വയനാട് കളക്ടറേറ്റിൽ ജില്ലാ വരണാധികാരികൂടിയായ കളക്ടർ ഡി.ആർ. മേഘശ്രീക്ക് മുമ്പാകെ പ്രിയങ്ക പത്രിക നൽകുക. ഇന്നു വയനാട്ടിലെത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും റോഡ് ഷോയിൽ പങ്കെടുക്കും. കേരളത്തിൽ ഇതാദ്യമായാണ് മൂവരും ചേർന്ന് രാഷ്‌ട്രീയ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നത്.
11.45ന് കൽപ്പറ്റ മഹാറാണി വസ്ത്രാലയ സ്‌ക്വയറിൽ സജ്ജമാക്കിയ വേദിയിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്യും. . തുടർന്നാണ് പത്രിക സമർപ്പണം.രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ, ഏറ്റവും വലിയ റോഡ്‌ഷോയാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. പ്രിയങ്കക്കൊപ്പം ദേശീയ, സംസ്ഥാന നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാവും. രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാരും ഇതിൽ ഉൾപെടും.
പ്രിയങ്കാഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമായി താമസം ഒരുക്കിയിരിക്കുന്നത് സുൽത്താൻബത്തേരിയിലെ സപ്ത റിസോർട്ടിലാണ്. 40 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ പ്രിയങ്കയുൾപ്പെടെയുള്ളവർക്ക് താമസിക്കാനായി 5 സ്യൂട്ട് റൂമുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവരുടെ ഭക്ഷണവും മറ്റും നിർദ്ദേശിക്കുന്നതിനനുസരിച്ചാണ് ഷെഫ് തയ്യാറാക്കുന്നത്.