fami

സുൽത്താൻ ബത്തേരി: നാമനിർദേശ പത്രിക സമർപ്പണത്തിനായി ഇന്നലെ വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി യാത്രയ്ക്കിടെ ബത്തേരിയിലെ ത്രേസ്യയുടെ വീട്ടിലെത്തി. താമസ സൗകര്യമൊരുക്കിയ സപ്ത റിസോർട്ടിലേയ്ക്ക് വരും വഴിയാണ് റിസോർട്ടിന് സമീപമുള്ള കരുമാംകുളം ത്രേസ്യയുടെ വീട്ടിലെത്തിയത്. റോഡരികിൽ കുറച്ച്‌പേര് കൂടി നിൽക്കുന്നത് കണ്ട പ്രിയങ്ക സഹോദരൻ രാഹുലിനെപോലെ തന്നെ വണ്ടി നിർത്താൻ പറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. അവിടെ നിന്നവരോട് കുശലങ്ങൾ പറയുന്നതിനിടെ തന്റെ അമ്മയ്ക്ക് പ്രിയങ്കയെ കാണാൻ വലിയ ആഗ്രഹമാണ്. നടക്കാൻ പറ്റാതെ വീട്ടിലിരിക്കുകയാണെന്ന് കൂടെയുള്ള ഒരാൾ പറഞ്ഞു. കുറെ ദൂരമുണ്ടോ എന്നന്വേഷിക്കുകയും ഒപ്പം അവരോടൊപ്പം ത്രേസ്യയുടെ വീട്ടിലേക്ക് നടക്കുകയും ചെയ്തു. വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട ത്രേസ്യമ്മ പ്രിയങ്കയെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പോകാനായി എഴുന്നേറ്റ പ്രിയങ്കയ്ക്ക് കൊന്തയും മിഠായിയും നൽകിയാണ് യാത്രയാക്കിയത്.