കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും പങ്കെടുത്ത കൂറ്റൻ റോഡ്‌ഷോയിൽ അണിനിരന്നത് പതിനായിരങ്ങൾ. വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് അണിനിരന്നത്. രാവിലെ ഏഴ് മണി മുതൽ തന്നെ പ്രവർത്തകർ റോഡ്‌ഷോയിൽ പങ്കെടുക്കാനായി കൽപ്പറ്റയിൽ എത്തിയിരുന്നു. 9 മണിയോടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരം പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലത്ത് മണിക്കൂറുകളോളമാണ് പ്രവർത്തകർ പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാത്തിരുന്നത്. 10 .30 ന് റോഡ്‌ഷോ ആരംഭിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന അറിയിപ്പ്. എന്നാൽ പ്രിയങ്കയും രാഹുലും എത്താൻ വൈകിയതോടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയും പ്ലക്കാർഡ് ഉയർത്തിക്കാട്ടിയും റോഡിൽ തന്നെ നിലയുറപ്പിച്ചു. 11 മണിയോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും റോഡ്‌ഷോയുടെ ഭാഗമാകാൻ എത്തി. പ്രത്യേകം ക്രമീകരിച്ച തുറന്ന വാഹനത്തിൽ അപ്പോഴേക്കും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഐ.സി.സി സെക്രട്ടറി പ്രിയങ്കാ ദാസ് മുൻഷി തുടങ്ങിയ നേതാക്കൾ സ്ഥാനം പിടിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തുറന്നു വാഹനത്തിൽ കയറിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. വാഹനത്തിന്റെ മുൻപിലും പിന്നിലുമായി പ്രിയങ്ക ഗാന്ധി ഓടിനടന്ന് പ്രവർത്തകരെ കൈവീശി കാണിച്ച് അഭിവാദ്യം ചെയ്തു. പ്രിയങ്കയെ കാണാനായി പൊതുജനങ്ങൾ ഉൾപ്പെടെ കെട്ടിടങ്ങൾക്ക് മുകളിലും മറ്റുമായി കയറി നിന്നു. പരമാവധി റോഡിന്റെ ഇരുവശത്തെയും മുഴുവനാളുകളെയും അഭിവാദ്യം ചെയ്യാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. ഒരു മണിക്കൂറിൽ കൂടുതൽ സമയംവേണ്ടിവന്നു റോഡ്‌ഷോ സമാപനവേദിയിൽ എത്താൻ.
ബാൻഡുംമേളവും നൃത്തവുമായി പ്രവർത്തകർ ആവേശ റോഡ്‌ഷോയ്ക്ക് നിറംപകർന്നു. പ്രവർത്തകരുടെ ആവേശം രാഹുൽഗാന്ധിയും പ്രിയങ്കയും മൊബൈലിൽ പകർത്തുന്നതും കാണാമായിരുന്നു. പ്രവർത്തകർ നൽകിയ പൂക്കളും ഷാളും പ്രവർത്തകർക്ക് തന്നെ ഇരുവരും സമ്മാനിച്ചു. കാൽ ലക്ഷത്തിൽ കൂടുതൽ പ്രവർത്തകർ റോഡ്‌ഷോയിൽ അണിനിരന്നതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. സ്ത്രീ പ്രാഥനിത്യം കൂടുതലായിരുന്നു. പ്രിയങ്കയുടെയും രാഹുൽഗാന്ധിയുടെയും ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകളായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്. പാർട്ടി പതാകകൾ കൂടുതൽ ഉപയോഗിച്ചില്ലെങ്കിലും മുസ്ലിം ലീഗ് പതാകകൾ പല പ്രവർത്തകരും ഉയർത്തിക്കാട്ടിയിരുന്നു. രാജ്യത്തെ ചരിത്ര ഭൂരിപക്ഷമാകും പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുകയെന്ന് നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയെപോലെ തന്നെ വയനാട്ടുകാരുടെ ഹൃദയം കവരാൻ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് ഈ ജനക്കൂട്ടത്തിന്റെ തെളിവ്. രാഹുൽ ഗാന്ധി തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പ്രിയങ്ക ഗാന്ധി പൂർത്തീകരിക്കുമെന്നുംനേതാക്കൾ പറയുന്നു. വയനാട്ടിൽ ഉണ്ടായ ആവേശം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും യു.ഡി.എഫിന് ഗുണമാകുമെന്ന് നേതാക്കൾ വ്യക്തമാക്കി.