s

കൽപറ്റ: വയനാട്ടിലെ ജനങ്ങളെ പ്രതിനിധാനം ചെയ്യുകയെന്നത് ആദരവായി കണക്കാക്കുമെന്നും വയനാടിനായി പോരാടുമെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റയിൽ നടന്ന റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ.

17 വയസുള്ളപ്പോഴാണ് പിതാവിന് വേണ്ടി ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. പിന്നീട് അച്ഛനും അമ്മയ്ക്കും സഹോദരനുമായി 35 വർഷമായി പ്രചാരണം നടത്തി. എന്നാൽ ആദ്യമായിട്ടാണ് എനിക്കു വേണ്ടി നിങ്ങളുടെയെല്ലാം പിന്തുണ ചോദിച്ചെത്തുന്നത്. അധികാരത്തിലിരിക്കുന്നവർ വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്. നിങ്ങളുടെ പിന്തുണയാണ് രാജ്യമെമ്പാടും 8000 കിലോമീറ്ററോളം നടക്കാൻ എന്റെ സഹോദരനെ പ്രേരിപ്പിച്ചത്. ലോകം മുഴുവൻ സഹോദരനെതിരെ തിരിഞ്ഞപ്പോഴും വയനാട്ടുകാരായ നിങ്ങളാണ് അദ്ദേഹത്തിനൊപ്പം നിന്നത്. നിങ്ങൾ അദ്ദേഹത്തിന് പോരാടാനുള്ള കരുത്തും സ്‌നേഹവും ധൈര്യവും നൽകി. സഹോദരന് നൽകിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കും.കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ വയനാട്ടിലെ മുണ്ടക്കൈയിലെ ദുരന്തമേഖലയിൽ സഹോദരനൊപ്പം വന്നിരുന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടവർ, സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവർ അങ്ങനെ ഉരുൾപൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യർ.. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചു.

വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഢമാക്കും. വയനാട്ടിലെ രാത്രി യാത്രാ നിരോധനം, മെഡിക്കൽ കോളേജ്, വന്യജീവി സംഘർഷം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും നേരിട്ട് വന്ന് നിങ്ങളോട് സംസാരിക്കണമെന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ യാത്രയാണ്. നിങ്ങളാണ് എന്റെ വഴികാട്ടികൾ.. ഇന്ന് നിങ്ങൾ എന്റെ കുടുംബമാണ്. നിങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകും- പ്രിയങ്ക വ്യക്തമാക്കി.