udupi

കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസ് റോഡിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി നവ്യഹരിദാസിന്റെ താത്കാലിക വാസം. കഴിഞ്ഞ ദിവസത്തെ പ്രചാരണം കഴിഞ്ഞ് അർദ്ധരാത്രിയോടെ കിടന്നെങ്കിലും നേരത്തെ തന്നെ എഴുന്നേറ്റു. കൂട്ടിന് മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിമാരായ ഷൈമ പൊന്നത്തും,അഡ്വ. വിദ്യാരാജേഷും,പ്രഷീജ സജീന്ദ്രനും. 2015 മുതൽ തുടങ്ങിയതാണ് നവ്യയുടെ തിരഞ്ഞെടുപ്പ് അങ്കം. ഇത് നാലാമത്തേതും. രണ്ട് തവണ കോഴിക്കോട് കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. പിന്നെ കോഴിക്കോട് സൗത്തിൽ നിന്ന് നിയസഭാ മണ്ഡലത്തിൽ. ഇപ്പോൾ പ്രിയങ്കഗാന്ധിക്കെതിരെയും.

കാലത്ത് മുതൽ ഫോണോട് ഫോൺ. എല്ലാം വേണ്ടപ്പെട്ടത്. എല്ലാവരോടും സംസാരിച്ചും വോട്ട് അഭ്യർത്ഥിച്ചും കഴിഞ്ഞപ്പോഴേക്കും പത്തര കഴിഞ്ഞു. വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിക്കണം നേരെ ഉഡുപ്പി ഹോട്ടലിലേക്ക്. അവിടെ കയറിയിരുന്ന ഉടൻ തന്നെ സിംഗപ്പൂരിൽ നിന്ന് ഒരു വീഡിയോ കാൾ. മറ്റാരുമല്ല,ഭർത്താവ് ഷോബിൻ ശ്യാം. രാഷ്ട്രീയമൊന്നുമല്ല സംസാര വിഷയം. ആരോഗ്യം നോക്കണം.

അതിനിടെ,ഒരു കുടുംബം വന്നു നമസ്‌തേ പറഞ്ഞ് പരിചയപ്പെട്ടു.''ഞങ്ങൾ കോൺഗ്രസുകാരാണ്. പക്ഷേ വോട്ട് നവ്യക്കാണ്. നിങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. ധൈര്യമായി മുന്നേറുക...'' തുടർന്ന് അവർ മടങ്ങി. അപ്പോൾ നവ്യ പറഞ്ഞു ഇതാണ് വയനാട്ടിൽ നിന്നുള്ള പ്രതികരണം. ഇതിനിടെ കോഴിക്കോട് നിന്ന് മക്കളായ സ്വാതിക് ഷോബിനും ഇഷാനും ഷോബിനും വിളിക്കുന്നു. അവർക്ക് അമ്മയെ കാണാൻ കൊതിയാകുന്നുവെന്ന്. വീട്ടിൽ നിന്ന് ഇങ്ങനെ അധികം വിട്ട് നിൽക്കേണ്ടി വന്നിട്ടില്ല. വിഷമം ഉള്ളിൽ ഒതുക്കി നവ്യ കുട്ടികളെ സമാധാനിപ്പിച്ചു. അതിനിടെ പ്രഭാത ഭക്ഷണം കഴിച്ചുനേരെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക്.

ബി.ജെ.പി നേതാവ് കെ. സദാനന്ദൻ സ്ഥാനാർത്ഥിയെ സ്വീകരിച്ചിരുത്തി. അവിടെ അഭിഭാഷകരായ പി. സുരേഷും ജെയ്സ് കരുണും കാത്തിരിക്കുന്നു. ചില പേപ്പറുകളിൽ ഒപ്പിടാനുണ്ടായിരുന്നു. അപ്പോഴേക്കും ബി.ജെ.പി മുൻസംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വന്നു. പിന്നെ എല്ലാവരും ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക്. അവിടെയെത്തിയതോടെ പ്രവർത്തകർ മുദ്രാവാക്യ വിളികളോടെ സ്ഥാനാർത്ഥിയെ

ഓഡിറ്റോറിയത്തിൽ എത്തിച്ചു. ഹാളിൽ പി. സിമോഹനൻ മാസ്റ്റർ,പളളിയറ രാമൻ തുടങ്ങിയ തലമുതിർന്ന നേതാക്കൾ. എസ്.ടി മോർച്ച നേതാവ് സി.എ.ബാലൻ അമ്പും വില്ലും നൽകി നവ്യയെ വരവേറ്റു. കുമ്മനം രാജശേഖരനായിരുന്നു കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എം.ടി രമേശ് അടക്കമുള്ള നേതാക്കൾ വേദിയിൽ. കൺവെൻഷൻ കഴിഞ്ഞതോടെ വെങ്ങപ്പള്ളിയിലേക്ക്. അതുകഴിഞ്ഞ് പൊഴുതന,കണിയാമ്പറ്റ,കോട്ടത്തറ എന്നിവിടങ്ങളിലേക്കും. ഒടുവിൽ ആത്മവിശ്വാസത്തോടെ നവ്യ പറഞ്ഞു. വയനാട്ടുകാർ എത്ര സ്‌നേഹമുള്ളവർ. ഞാൻ വിജയിക്കും.