
കൽപ്പറ്റ: പ്രിയങ്കാഗാന്ധിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ നേതാക്കൾ കൂട്ടത്തോടെ ഗ്രാമങ്ങളിൽ. യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും മറ്റ് മുതിർന്ന നേതാക്കളും പ്രവർത്തകരോടൊപ്പം വീടുകയറിവോട്ട് അഭ്യർത്ഥിക്കുകയാണ്. പ്രിയങ്കാഗാന്ധിയുടെ ചിത്രവും ചിഹ്നവും അടങ്ങിയ പ്ലക്കാർഡുകളുമായി കുട്ടികളും സംഘത്തോടൊപ്പമുണ്ട്. ഓരോ നിയോജക മണ്ഡലങ്ങളുടേയും ചുമതലയുള്ള എം.പിമാരും എം.എൽ.എമാരുമാണ് പ്രധാനമായും നേതൃത്വം നൽകുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി,ഐ.സി ബാലകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹ സന്ദർശനം നടത്തി. പുത്തൂർവയലിൽ ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടത്തിയത്. ഇതിനു മുമ്പ് ഒരു തിരഞ്ഞെടുപ്പിലും ഇല്ലാത്ത ആവേശമാണ് ഈ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഉള്ളതെന്ന് ടി. സിദ്ദിഖ് പറഞ്ഞു.
പ്രിയങ്കാഗാന്ധി
ഇന്ന് വയനാട്ടിൽ
കൽപ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. മീനങ്ങാടി, പനമരം, പൊഴുതന എന്നിവിടങ്ങളിൽ നടക്കുന്ന കോർണർ മീറ്റിംഗുകളിൽ പങ്കെടുക്കും. രാവിലെ 11.30ന് മീനങ്ങാടിയിലെ യോഗത്തിലാണ് ആദ്യം പങ്കെടുക്കുക. അവിടെ നടക്കുന്ന റോഡ്ഷോയിലും പങ്കെടുക്കും. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിക്കുന്ന റോഡ്ഷോ സ്കൂൾറോഡ് ജംഗ്ഷനിൽ സമാപിക്കും. പനമരത്തെ യോഗം വൈകിട്ട് മൂന്നിനും പൊഴുതനയിലേത് അഞ്ചിനുമാണ്.