kood
കൂട്ടിൽ കടുവകൾ അകപ്പെട്ടാൽ അവയെ മാറ്റുന്നതിനായി എത്തിച്ച ചെറിയ കൂടുകളിൽ ഒന്ന്

കൽപ്പറ്റ: ആനപ്പാറയിൽ ഭീതി പരത്തുന്ന കടുവക്കൂട്ടത്തെ പിടികൂടാൻ മൈസൂരിൽ നിന്നും ഭീമൻ കൂടെത്തി. ദിവസങ്ങളോളമായി ജനവാസ മേഖലയിൽ തുടരുന്ന നാല് കടുവകളെയും ഒരുമിച്ച് പിടികൂടുകയാണ് ലക്ഷ്യം.

വേട്ടയാടി തുടങ്ങിയ മൂന്നു കടുവക്കുഞ്ഞുങ്ങളും ഒരു അമ്മക്കടുവയുമാണ് പ്രദേശത്തുള്ളത്. വലിയ കൂട് സ്ഥാപിച്ച് കടുവ കുടുംബത്തെ ഒന്നാകെ പിടികൂടുന്നതിനുള്ള സാഹസിക ദൗത്യത്തിനാണ് വനംവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൂട് ആനപ്പാറയിലെത്തിച്ചത്. ഇന്ന് രാവിലെ ആനപ്പാറയിലെ തേയിലത്തോട്ടത്തിൽ കൂട് സ്ഥാപിക്കും.

തന്ത്രം ഇങ്ങനെ:
വലിയ മുറിയുടെ വിസ്താരത്തിൽ പ്രത്യേക കൂടൊരുക്കി ആദ്യം അമ്മയെയും പിന്നാലെ കുഞ്ഞുങ്ങളെയും കൂട്ടിലാക്കുകയാണു ലക്ഷ്യം. അമ്മക്കടുവ കൂട്ടിലാവുന്നതോടെ അതിനെ കൂടിന്റെ ഒരു മൂലയിലേക്ക് ഒതുക്കി ആ ഭാഗം മാത്രം അഴിക്കുള്ളിലാക്കും. അമ്മയെത്തേടി പിന്നാലെയെത്തുന്ന കുഞ്ഞുങ്ങളും കൂട്ടിൽ കയറുന്നതോടെ പുറത്തെ വാതിലടയും.

കർണാടകയിൽ മുമ്പ് അമ്മക്കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും സമാന രീതിയിൽ കൂടു വച്ചു പിടികൂടിയിരുന്നു.

കടുവയുടെ സാന്നിദ്ധ്യം

കണ്ടെത്തി
ആനപ്പാറയിലെ തേയിലത്തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. വനം വകുപ്പിന്റെ പ്രത്യേക ക്യാമ്പിൽ കടുവയെ നിരീക്ഷിക്കാനായി തത്സമയ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ചിത്രങ്ങളിൽ നിന്നും ഏതാണ്ട് ഒന്നര വയസുണ്ടെന്ന് വനം വകുപ്പ് നിഗമനത്തിലെത്തി. കടുവക്കുഞ്ഞുങ്ങൾ വേട്ടയാടാൻ പഠിക്കുന്ന പ്രായമാണിത്. രണ്ടു വയസിനു ശേഷം അവർ അമ്മയെ വിട്ടുപോകും. ഈ ഘട്ടത്തിൽ പരിസരത്തെ കന്നുകാലികളാണ് കടുവക്കുഞ്ഞുങ്ങൾക്കു മുന്നിലുള്ള ഇരകൾ. അധികം ആയാസപ്പെടാതെ ഇര പിടിക്കാൻ ശീലിക്കും. അതു നാട്ടിലെ മൃഗങ്ങൾക്കും മനുഷ്യജീവനും ഭീഷണിയാകും. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവകളെ പിടി കൂടിയില്ലെങ്കിൽ ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരം നടത്താനാണ്

നാട്ടുകാരുടെ നീക്കം.