ചുണ്ടേൽ : ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടത്തെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടും തേയില തോട്ടത്തിലെ കാടുമൂടിയ ഭാഗം വെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ടും ആനപ്പാറയിൽ തോട്ടം തൊഴിലാളികളുടെ പ്രതിഷേധം. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കടുവയെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരത്തിന്‌ നേതൃത്വം നൽകുമെന്ന്‌ നേതാക്കൾ പറഞ്ഞു. എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രദേശവാസികളും പങ്കെടുത്തു.
ജീവൻ പണയപ്പെടുത്തിയാണ് ഓരോ തോട്ടം തൊഴിലാളിയും എസ്റ്റേറ്റിൽ ജോലി ചെയ്യുന്നത്. എപ്പോൾ വേണമെങ്കിലും കടുവയുടെയും കാട്ടാനയുടെയും ആക്രമണത്തിന് ഇരയാകാം. മാസങ്ങൾക്കു മുമ്പ് കടുവയുടെ സാന്നിദ്ധ്യം തോട്ടം തൊഴിലാളികൾ വനം വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ കടുവകൾ പെറ്റുപെരുകി കുടുംബമായി തേയില തോട്ടത്തിൽ വിഹരിക്കുകയാണ്. എത്രയും വേഗം കടുവ കൂട്ടത്തെ പിടികൂടി സുരക്ഷ ഒരുക്കണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. വനം വകുപ്പ് നൽകിയത് നാല് ദിവസത്തെ സാവകാശമാണ്. ഈ സമയത്തിനകം കടുവയെ പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് സമരം ഉദ്ഘാടനം ചെയ്ത വൈത്തിരി ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യസമിതി ചെയർമാൻ എൻ.ഒ. ദേവസ്യ പറഞ്ഞു.
പ്രദേശത്ത് കടുവയും കാട്ടാനയും സ്ഥിരമായി എത്തുന്നതിനാൽ സ്വൈര്യജീവിതം നഷ്ടമായിരിക്കുകയാണ്. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പിനും എസ്റ്റേറ്റ് മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ട്. മുന്നൂറോളം തോട്ടം തൊഴിലാളികളാണ് പ്രദേശത്തുള്ളത്. അവരുടെ സുരക്ഷിതത്വം പ്രധാനമാണ്. കടുവയെ ഭയപ്പെട്ട്‌ ജോലിക്ക്‌ പോകാതിരുന്നാൽ കുടുംബം പട്ടിണിയിലാകും. ജോലിക്ക്‌ പോവുകയാണെങ്കിൽ സമാധാനത്തോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർഡ് മെമ്പർ ബീന, വിവിധ ട്രേഡ് യൂണിയൻനേതാക്കൾ എന്നിവർ പങ്കെടുത്തു.