priyanka
priyanka

കൽപ്പറ്റ:പ്രവർത്തകർക്ക് ആവേശമായി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ പര്യടനം. കൽപ്പറ്റ മണ്ഡലത്തിലെ പൊഴുതന,ബത്തേരി മണ്ഡലത്തിലെ മീനങ്ങാടി,മാനന്തവാടി മണ്ഡലത്തിലെ പനമരം എന്നിവിടങ്ങളിലാണ് കോർണർയോഗം എന്ന്‌ പേരിട്ട പരിപാടി നടന്നത്. മൂന്ന്‌ കേന്ദ്രങ്ങളിലും നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. മീനങ്ങാടിയിലായിരുന്നു ആദ്യപരിപാടി. ഉച്ചയ്ക്ക് 12:30യോടെയാണ് പ്രിയങ്കാഗാന്ധി മീനങ്ങാടിയിൽ എത്തിയത്. നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയായിരുന്നു പര്യടനം. 10 മണിയോടെ തന്നെ നൂറുകണക്കിന് പ്രവർത്തകർ മീനങ്ങാടി ടൗണിലെത്തിയിരുന്നു.
തുറന്ന വാഹനത്തിൽ പ്രിയങ്കാഗാന്ധി റോഡ്‌ഷോയിൽ അണിനിരന്നു. മാർക്കറ്റ് ജംഗ്ഷനിൽ തുടങ്ങിയ റോഡ്‌ഷോ പൊലീസ് സ്റ്റേഷന് സമീപം സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ . പ്രിയങ്കാഗാന്ധിയുടെ ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ എം.പി , ദീപാ ദാസ് മുൻഷി , പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ,എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ ,കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ .പി അനിൽകുമാർ എംഎൽഎ, ടി. സിദ്ദീഖ് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ജെബിമേത്തർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് മാനന്തവാടി നിയോജകമണ്ഡലത്തിന്റെ ഭാഗമായ പനമരത്തായിരുന്നു അടുത്ത പരിപാടി. പനമരം സെന്റ് ജൂഡ്‌ദേവാലയ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച റോഡ്‌ഷോ വലിയ പാലത്തിന് സമീപം തയ്യാറാക്കിയ പന്തലിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ റോഡ്‌ഷോയിൽ പങ്കെടുത്തു.
കൽപ്പറ്റ നിയോജകമണ്ഡലത്തിന്റെ ഭാഗമായ പൊഴുതനയിലായിരുന്നു സമാപന സമ്മേളനം. പൊഴുതനയിലേക്കുള്ള വഴി നീളെ നൂറുകണക്കിന് പ്രവർത്തകരാണ് പ്രിയങ്കാഗാന്ധിയെ കാണാനായി റോഡരികിൽ നിന്നത്. പൂക്കൾ നൽകാനായി നിരവധി കുട്ടികളുമുണ്ടായിരുന്നു. പൊഴുതന ആനോത്ത് ജംഗ്ഷനിൽ നിന്നും റഷ ഓഡിറ്റോറിയത്തിന് സമീപം വരെ പ്രിയങ്കാഗാന്ധി തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രത്യേകം തയ്യാറാക്കിയവേദിയിൽ പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കുന്ന തരത്തിലായിരുന്നു പ്രിയങ്കയുടെ പ്രസംഗം.