emblam
എംബ്ളം

സുൽത്താൻ ബത്തേരി : വയനാട് റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ആദ്യ ദിനം സ്‌കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂൾ 262 പോയിന്റുമായി ഒന്നാം സ്ഥാനത്ത് . 228 പോയിന്റുമായി നടവയൽ സെന്റ് തോമസ് എച്ച്.എസാണ് രണ്ടാം സ്ഥാനത്ത്. തരിയോട് നിർമ്മല ഹൈസ്‌കൂളാണ് 192 പോയിന്റുമായി മൂന്നാംസ്ഥാനത്ത്. ഉപജില്ല വിഭാഗത്തിൽ 1283 പോയിന്റുമായി സുൽത്താൻ ബത്തേരി ഉപജില്ലയാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനുള്ള വൈത്തിരി ഉപജില്ലയ്ക്ക് 1188 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള മാനന്തവാടിക്ക് 1109 പോയിന്റുമാണ്.
പ്രവൃത്തി പരിചയമേളയിൽ ഉപജില്ലാ തലത്തിൽ 917 പോയിന്റുമായി സുൽത്താൻ ബത്തേരി ഉപജില്ലാ ഓവറോൾ ചാമ്പ്യൻമാരായി.785 പോയിന്റുമായി വൈത്തിരി ഉപജില്ല രണ്ടാം സ്ഥാനത്തും 764 പോയിന്റുമായി മാനന്തവാടി ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ തലത്തിൽ 171 പോയിന്റുമായി ദ്വാരക സേക്രട്ട് ഹാർട്ട് വിജയികളായപ്പോൾ സെന്റ് തോമസ് എച്ച്.എസ് നടവയൽ 158 പോയിന്റോടെ രണ്ടാം സ്ഥാനവും 136 പോയിന്റോടെ നിർമ്മല മാത തരിയോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്‌ത്രോത്സവം പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ.എൻ.സെബാസ്റ്റ്യൻ, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ കെ.ബാലൻ, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിബി കൃഷ്ണൻ, ബത്തേരി എ.ഇ.ഒ ബി.ജെ.ഷിജിത, പി.ടി.എ പ്രസിഡന്റ് കെ.ജി .ഷാജി, പ്രധാനാദ്ധ്യാപകൻ എം.സി.അശോകൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എസ്.കവിത സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവിനർ കെ,പി. ഷൗക്കുമാൻ നന്ദിയും പറഞ്ഞു.