ambu
കടുവകളെ നീക്കം ചെയ്യാനായി സജ്ജമാക്കിയ അനിമൽ ആംബുലൻസ്‌

ഇന്നലെയും ആനപ്പാറയിലെ ജനവാസ കേന്ദ്രത്തിലെത്തി

ചുണ്ടേൽ: വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറാതെ ആനപ്പാറയിലെ കടുവ കുടുംബം. നാല് കടുവകളെയും ഒരുമിച്ച് പിടികൂടാൻ കർണാടകയിൽ നിന്നെത്തിച്ച ഭീമൻ കൂട് തിങ്കളാഴ്ചയാണ് വനം വകുപ്പ് സ്ഥാപിച്ചത്. അതിനിടെ തിങ്കളാഴ്ച രാത്രിയിലും കടുവകൾ പ്രദേശത്തെത്തി. കൂടിന് സമീപം വനം വകുപ്പ് ഉദ്യോഗസ്ഥർ മുഴുവൻ സമയവും കാവലുണ്ട്. വലിയ കൂടും മനുഷ്യ സാന്നിദ്ധ്യവും മനസിലാക്കിയാകാം കടുവകൾ കൂടിനടുത്തേക്ക് എത്താതിരുന്നത്. ഇരയുണ്ടെന്നറിഞ്ഞാൽ കടുവകൾ വൈകാതെ കൂട്ടിൽ കയറുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. 60 ഓളം ഉദ്യോഗസ്ഥരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. കർണാടക വനം വകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. പകൽ സമയവും കൂടു തുറന്നു വെച്ചിരിക്കുകയാണ്. കടുവകൾ അകപ്പെട്ടാൽ ഇവിടെ നിന്ന് നീക്കം ചെയ്യുന്നതിന് നാല് ചെറിയ കൂടുകളും സജ്ജമാക്കിയിട്ടുണ്ട്.
സൗത്ത് വയനാട് ഡി .എഫ്. ഒ അജിത് കെ രാമൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മുഴുവൻ സമയവും പ്രദേശത്തുണ്ട്. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. നാല് കടവുകളും ഒരുമിച്ച് അകപ്പെടുകയാണെങ്കിൽ ഇവയെ സുരക്ഷിതമായി നീക്കം ചെയ്യുക വെല്ലുവിളിയാണ്. അപകടകരമായ സാഹചര്യം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ദൗത്യസംഘത്തിന് വനം വകുപ്പ് നിർദ്ദേശം നൽകി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ദൗത്യം നിരീക്ഷിക്കുന്നുണ്ട്. മേപ്പാടി, വൈത്തിരി ഗ്രാമപഞ്ചായത്തുകളുടെ സഹകരണം വനം വകുപ്പ്‌ തേടിയിട്ടുണ്ട്.