anju
അഞ്ചുകുന്നിൽ വോട്ട് അഭ്യർത്ഥിക്കുന്ന സത്യൻ മൊകേരി

വെളളമുണ്ട: ഇടതുസ്ഥാനാർത്ഥി സത്യൻ മൊകേരി വെള്ളമുണ്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. കാട്ടിക്കുളത്തേക്കായിരുന്നു തുടർ യാത്ര. തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് പടിക്കൽ കാത്തിരുന്ന ജനത മുദ്രാവാക്യം വിളികളോടെ ഇടതുസ്ഥാനാർത്ഥിയെ സ്വീകരിച്ചു. നാട്ടിലെ കർഷക പ്രശ്നങ്ങൾ സത്യൻ മൊകേരിയെ പറഞ്ഞറിയിക്കേണ്ടതില്ല. കയ്യിൽ തഴമ്പുള്ള കൃഷിക്കാരന് ബോധ്യത്തിലും തികവ്. നേതാവിന്റെ മറുപടി വ്യക്തം. തിരഞ്ഞെടുപ്പു കാലത്തിനു ശേഷം എന്റെ യാത്ര റിസോർട്ടുകളിലേക്കല്ല. ഇന്നും എന്നും ജനങ്ങൾക്കിടയിലാണ്, വിലത്തകർച്ചയുടെ, വന്യജീവി സംഘർഷത്തിന്, രാത്രി യാത്രാ വിലക്കിന് എല്ലാം പരിഹാരം വരേണ്ടത് യൂണിയൻ സർക്കാരിൽ നിന്നും. അതിന് പരിഹാരം നേടാനും ഒപ്പം നിന്ന് ചെയ്യിക്കാനും നേടിയെടുക്കാനും വേണ്ടത് എണ്ണം പറഞ്ഞ് കൂടെ നിൽക്കുന്ന ജനപ്രതിനിധിയെ. കടകളിൽ കയറിയും വ്യാപാരികളെ ചേർത്തും തൊഴിലാളികളെ കൂട്ടി കാട്ടിക്കുളത്തു നിന്ന് തലപ്പുഴയിലേയ്ക്ക്. പനമരവും അഞ്ചുകുന്നും കേന്ദ്രീകരിച്ച് ഉച്ചകഴിഞ്ഞു നടന്ന പര്യടനത്തിൽ ചിന്തിച്ചുറപ്പിച്ചേ വോട്ടു ചെയ്യൂ എന്ന വിദ്യാർത്ഥികളുടെ മറുപടി. ഉച്ചകഴിഞ്ഞ് നടന്ന എടവകയിലെ പ്രാദേശിക കൺവെൻഷനിൽ വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. താഴേ തട്ടിൽ സജീവമാകുന്ന പ്രവർത്തനങ്ങളും പദ്ധതികളും രൂപരേഖകളും സൂഷ്മമായി വിലയിരുത്തപ്പെട്ടു. മാനന്തവാടി മണ്ഡലത്തിലെ ആദ്യഘട്ട പൊതുപര്യടനം കാഞ്ഞിരങ്ങാട് പ്രദേശിക കൺവെൻഷെനോടുകൂടിയാണ് സമാപിച്ചത്.

എൽ.ഡി.എഫ് മാനന്തവാടി താലൂക്ക് കൺവീനർ പി.വി. സഹദേവൻ, മാനന്തവാടി തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി.കെ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കളായ നിഖിൽ പത്മനാഭൻ, എ.എൻ പ്രഭാകരൻ, ടോണി ജോൺ, ശോഭാ രാജൻ, എ.എൻ സുശീല തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

അഞ്ചുകുന്നിൽ വോട്ട് അഭ്യർത്ഥിക്കുന്ന സത്യൻ മൊകേരി