കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിലെ കടുവ കുടുംബത്തെ പിടികൂടാനുള്ള ഓപ്പറേഷൻ ' റോയൽ സ്‌ട്രൈപ്സ് ' അതീവ ജാഗ്രതയും ക്ഷമയും ആവശ്യമുള്ള ദൗത്യം. ഇന്ത്യയിലാദ്യമായാണ് നാലു കടുവകളെ ഒരുമിച്ച് പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കർണാടകയിൽ നേരത്തെ 3 കടുവകളെ പിടികൂടിയിരുന്നു. അവിടെ നടപ്പാക്കിയ അതേ രീതിയിലാണ് ആനപ്പാറയിൽ കൂട് സ്ഥാപിച്ചിട്ടുള്ളത്. കർണാടകയിൽ ദിവസങ്ങൾക്ക് ശേഷമാണ് അമ്മയും രണ്ട് കുഞ്ഞുങ്ങളും കൂട്ടിൽ അകപ്പെട്ടത്. ഇവിടെ മൂന്നു കുഞ്ഞുങ്ങളും അമ്മ കടവയുമാണ് ഉള്ളത്. നല്ല കാത്തിരിപ്പ് ആവശ്യമായി വരും. കെണി ഒരുക്കി രണ്ട് ദിവസം പിന്നീടുമ്പോഴും കടുവകൾ വനംവകുപ്പിന്റെ കൂട്ടിൽ കയറിയിട്ടില്ല. കടുവകൾ മനുഷ്യ സാന്നിദ്ധ്യം മനസിലാക്കി കഴിഞ്ഞു. എച്ച്.എം.എൽ എസ്റ്റേറ്റിന്റെ പമ്പ് ഹൗസിന് സമീപമാണ് കടുവകൾ ഉള്ളത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ കടുവകളുടെ സാന്നിദ്ധ്യം വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കടുവകൾ കൃത്യമായി കൂട്ടിൽ കയറുമെന്ന ആത്മവിശ്വാസത്തിലാണ് വനം വകുപ്പ്. വാക് ത്രു കേഞ്ച് എന്ന് അറിയപ്പെടുന്ന 32 അടി നീളവും പത്ത് അടി ഉയരവും പത്ത് അടി വീതിയും വീതിയുമുള്ള കൂടാണ് സ്ഥാപിച്ചിട്ടുള്ളത്. കർണാടക വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൂടാണിത്.
ഉത്തര മേഖല സി.സി.എഫ് കെ.എസ് ദീപ, ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ രാമൻ, കർണാടകയിലെ ടൈഗർ ടാസ്‌ക് ഫോഴ്സിലെ ഉദ്യോഗസ്ഥർ എന്നിവരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
കെണി ഒരുക്കുന്നത് ഇങ്ങനെ
കൽപ്പറ്റ: വലിയ കൂടിന് സമീപം സ്ഥാപിച്ചിട്ടുള്ള ചെറിയ കൂട്ടിലാണ് കടുവ പകുതി ഭക്ഷിച്ച പശുവിന്റെ ജടാവശിഷ്ടം വച്ചിട്ടുള്ളത്. ഇവ ഭക്ഷിക്കാനായി ചെറിയ കൂട്ടിൽ കയറുന്നതോടെ കൂട് തനിയെ അടയും. തൽസമയ ക്യാമറയിലൂടെ കടുവ കൂട്ടിൽ അകപ്പെട്ടത് മനസിലാകും. ഉടൻതന്നെ ചെറിയ കൂട് വലിയ കൂടിന് അകത്തേക്ക് വയ്ക്കും. അമ്മ കടുവയെ തിരഞ്ഞെത്തുന്ന മൂന്ന് കുട്ടിക്കടുവകൾ വലിയ കൂടിനകത്തേക്ക് കയറും. ഇതോടെ വലിയ കൂടിന്റെ വാതിൽ അടയ്ക്കും. കൂട്ടിൽ അകപ്പെടുന്ന നാല് കടുവകളെയും ചെറിയ കൂടുകളിലേക്ക് മാറ്റും. പിന്നീട് അനിമൽ ആംബുലൻസിൽ സ്ഥലത്തുനിന്നും നീക്കം. ചെറിയ കൂട്ടിൽ ആദ്യം അമ്മ കടുവ അകപ്പെട്ടാൽ മാത്രമേ വനം വകുപ്പ് ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി നടക്കുകയുള്ളൂ. കുട്ടിക്കടുവയാണ് കുടുങ്ങുന്നതെങ്കിൽ അമ്മ കടുവ ആക്രമണം അഴിച്ചുവിടാൻ ഉള്ള സാധ്യതയുണ്ട്. എട്ടു വയസുള്ള അമ്മ കടുവയോടൊപ്പം ഒരു വയസ്സ് പ്രായം കണക്കാക്കുന്ന മൂന്ന് കടുവ കുട്ടികളാണ് ആനപ്പാറയിൽ ഉള്ളത്.