ആലപ്പുഴ : ജില്ലയിൽ പുതുതായി 81റേഷൻ കടകളെ കൂടി കെ സ്റ്റോറാക്കി മാറ്റുന്നതിനുള്ള അനുമതി സിവിൽ സപ്ളൈസ് കോർപ്പറേഷൻ നൽകി. ആദ്യഘട്ടത്തിൽ നാല് തവണകളായി അനുവദിച്ച 81റേഷൻ കടകളിൽ 71 കടകളെ കെ സ്റ്റോറാക്കി മാറ്റി. ശേഷിച്ചവ വൈകാതെ പ്രവർത്തന സജ്ജമാകും. ഇതോടെ 162 റേഷൻ കടകൾ കെ സ്റ്റോറായി മാറും.
സപ്‌ളൈകോയുടെ 13 ഇന സബ്‌സിഡി ഉത്പന്നങ്ങളോടൊപ്പം അക്ഷയകേന്ദ്രങ്ങളിൽ ലഭിക്കുന്ന വിവിധ സേവനങ്ങളും കെ.സ്റ്റോറിൽ ലഭ്യമാകും. സിവിൽ സപ്ളൈസ് കോർപ്പറേഷൻ അംഗീകരിക്കാത്ത ഉത്പന്നങ്ങൾ വിറ്റാൽ നടപടിയുണ്ടാകും. കൂടുതൽ കമ്മീഷൻ ലഭിക്കുമെന്ന് കരുതി അനുമതി ഇല്ലാത്ത കമ്പനികളുടെ ഉത്പന്നങ്ങളുടെ വില്പന തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. സബ്സിഡി ഇല്ലാത്ത ശബരി ഉത്പന്നങ്ങൾ, പാൽ ഒഴികെയുള്ള മിൽമ ഉത്പന്നങ്ങൾ എന്നിവ വിൽക്കാനാണ് അനുമതി. ഇത് കെ സ്റ്റോറിന്റെ പ്രവർത്തനം വിജയകരമാക്കില്ലെന്ന ആശങ്ക റേഷൻ വ്യാപാരികൾക്കുണ്ട്. ജില്ലയിലെ ആറ് താലൂക്കുകളിലും കെ.സ്റ്റോർ അനുവദിച്ചിട്ടുണ്ട്.
കെ സ്റ്റോറുകളിൽ കിട്ടുന്നത്
ശബരി ഉത്പന്നങ്ങൾ, പാൽ ഒഴികെയുള്ള അഞ്ചിനം മിൽമ ഉത്പന്നങ്ങൾ
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെറിയ ഗ്യാസ് സിലിണ്ടർ
വിവിധ ബില്ലുകൾ അടയ്ക്കാനുള്ള പൊതുസേവനകേന്ദ്രം
മാവേലി സ്റ്റോറുകൾ വഴി നൽകുന്ന സബ്‌സിഡി സാധനങ്ങളുടെ വില്പനയില്ല
സർക്കാർ നിർദ്ദേശം അനുസരിച്ച് ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും കെ - സ്റ്റോർ സംവിധാനം ഏർപ്പെടുത്തും. രണ്ടാംഘട്ടത്തിൽ 81കടകൾ കൂടി അനുവദിച്ചു. ഇതുവരെ 71 കെ സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു
- മായാദേവി, ജില്ല സപ്‌ളൈ ഓഫീസർ, ആലപ്പുഴ