ആലപ്പുഴ: ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയവർക്കുൾപ്പടെ മത്സരിക്കാവുന്നതിനാൽ ആലപ്പുഴ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഈ വർഷം ഒമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ എത്തുമെന്ന കണക്കൂട്ടലിലാണ് സംഘാടകർ. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐ.ടി മേള എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുടെ സംയോജനമാണ് ശാസ്‌ത്രോത്സവം.
പ്രൈമറി മുതൽ സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ മാറ്റുരയ്ക്കും. ഈ മാസം 15 മുതൽ 18 വരെയാണ് ആലപ്പുഴ നഗരത്തിലെ വിവിധ വേദികളിൽ മത്സരം നടക്കുക.
മേളയുടെ ഭാഗമായി വി.എച്ച്.എസ്.ഇ എക്സ്പോ, വിനോദ പരിപാടികൾ, ശാസ്ത്രമേഖലയിലെ പ്രമുഖരുമായുള്ള സംവാദം, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഓരോ വേദിയിലും വിദ്യാർത്ഥികൾക്ക് സഹായകരമായി കൺവീനേഴ്സ് ലോഞ്ചും പ്രവർത്തിക്കും. പ്രതിദിന ബാറ്റാ അടിസ്ഥാനത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വാഹനങ്ങൾ വരുത്തിയാണ് യാത്രാ സൗകര്യങ്ങൾ ക്രമീകരിക്കുക. മത്സരത്തിനൊപ്പം പൊതുജനത്തിനുള്ള പ്രദർശനവും വിൽപ്പനയുമുണ്ടാകും.
പങ്കെടുക്കുക 9000 മത്സരാർത്ഥികൾ
 ഒമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാനെത്തും
 സദ്യക്ക് പുറമേ മത്സ്യ - മാംസ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഭക്ഷണമെനു വിപുലപ്പെടുത്തും
 ഓരോ വേദിയിലും ഭക്ഷണം എത്തിച്ചു നൽകാനാണ് സംഘാടകർ ആലോചിക്കുന്നത്
 വലിയ ഓഡിറ്റോയമില്ലാത്ത വേദികളിൽ രണ്ടായിരം ചതുരശ്ര അടിയിൽ പന്തലുകൾ കെട്ടും.
ശാസ്ത്രജ്ഞരെ അറിയാം
പ്രമുഖരായ 25 ശാസ്ത്രജ്ഞരുടെ കാരിക്കേച്ചറുകൾ രജിസ്ട്രേഷൻ കൗണ്ടറായ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിനോട് ചേർന്ന് സ്ഥാപിക്കും. കേരള ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെയാകും കാരിക്കേച്ചറുകൾ തയ്യാറാക്കുക.
പ്രധാന വേദികൾ
 ശാസ്ത്രമേള : ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്
 ഗണിത ശാസ്ത്രംമേള : ലജ്നത്ത് എച്ച്.എസ്.എസ്
 സാമൂഹ്യ ശാസ്ത്രംമേള : സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്
 ഐ.ടി മേള : സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്
 പ്രവൃത്തി പരിചയമേള : എസ്.ഡി.വി സ്കൂൾസ്
 വൊക്കേഷണൽ എക്സ്പോ : ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്
 രജിസ്ട്രേഷൻ:സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്
 ഭക്ഷണ കലവറ :ലജ്നത്ത് എച്ച്.എസ്.എസ്
എല്ലാ മത്സരാർത്ഥികളെയും വരവേൽക്കുന്നതിന് ആലപ്പുഴ ഒരുങ്ങുകയാണ്. ഭക്ഷണ മെനുവിലടക്കം പുതുമകൾ വരുത്തി കുറ്റമറ്റ രീതിയിൽ പരിപാടി വിജയിപ്പിക്കും
- സംഘാടകർ