
അമ്പലപ്പുഴ: തകഴി കൃഷിഭവനിൽ നിന്ന് വിതരണം ചെയ്ത നെൽവിത്തുകൾ
കിളർക്കാത്തത് കർഷകർക്ക് തിരിച്ചടി. തകഴി പാലത്തിന് സമീപം വേഴപ്രം കിഴക്ക് പാടശേഖരത്തെ കർഷകർക്ക് ഇതുകാരണം വിതയ്ക്കാനാകാത്ത സ്ഥിതിയാണ്.
20 ഹെക്ടർ പാടശേഖരത്തിൽ 42 കൃഷിക്കാരാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് കൃഷിഭവനിൽ നിന്ന് ഉമ വിത്ത് കർഷകർക്ക് വിതരണം ചെയ്തത്. അധികൃതരുടെ നിർദ്ദേശ പ്രകാരം വിത്ത് കെട്ടി 18 മണിക്കൂർ കർഷകർ നീരും കൊടുത്തു. എന്നാൽ, പാടശേഖരത്തിലെ ഒരുകർഷകന്റെയും വിത്ത് കിളിർത്തില്ല. ചെള്ളും ഊറാനും കുത്തി പൊടി രൂപത്തിലായ വിത്താണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു.
കർഷകർ ദുരിതത്തിൽ
ഏക്കറിന് 10,000 രൂപയോളം മുടക്കി രണ്ടു പ്രാവശ്യം ഉഴുത്, വരമ്പുപിടിച്ച്, വെള്ളം വറ്റിച്ച് പാടം കൃഷിക്കൊരുക്കിയെങ്കിലും, വിത്ത് കിളിർക്കാത്തത് കാരണം വിത മുടങ്ങിയതിന്റെ പ്രയാസത്തിലാണ് കർഷകർ. കൃഷിഭവനിൽ പാരാതി നൽകുകയും വിത്തിന്റെ സാമ്പിളുകൾ കൈമാറുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്
ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ പറയുന്നു.
നെല്ല് കിളിർക്കാനായി കെട്ടിയപ്പോൾ തന്നെ ചുമപ്പ് നിറവും ആവിയും അടിക്കുന്നുണ്ടായിരുന്നു. ചിലർക്ക് ലഭിച്ച വിത്തുകൾ 40 ശതമാനത്തോളം കിളിർത്തിട്ടുണ്ട്. ബാക്കിയുള്ള കർഷകർക്ക് വിത്ത് വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്
- ജോസ് ഇട്ടിയത്തറ , സെക്രട്ടറി, വേഴപ്രം കിഴക്ക് പാടശേഖര സമിതി