
മുഹമ്മ:റവന്യൂ ജില്ലാ കായികമേളയിൽ തിളങ്ങി കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ സ്റ്റേഡിയവും അക്കാദമിയും. ഇവിടെ പരിശീലനം നേടുന്ന 18 കായിക പ്രതിഭകളാണ് റവന്യൂ ജില്ലാ കായികമേളയിൽ 19 സ്വർണ്ണവും 5 വെള്ളിയും 3 വെങ്കലവും നേടിയത്.
സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന കലവൂർ ഗവ.സ്ക്കൂളാണ് കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്.ഇവർ എല്ലാവരും തന്നെ പ്രീതി കുളങ്ങര കലവൂർ എൻ.ഗോപിനാഥ് മെമ്മോറിയൽ അക്കാദമിയിൽ കെ.ആർ.സാംജിയുടെ ശിക്ഷണത്തിലാണ് പരിശീലിക്കുന്നത് .
സ്പോർട്സ് കൗൺസിലിന്റെ കോച്ചാണ് സാംജി.
ഒഡീഷയിൽ നടക്കുന്ന നാഷണൽ ജൂനിയർ അത്‌ലറ്റിക് മീറ്റിലേക്ക് ഇവിടുത്തെ 5കുട്ടികൾ യോഗ്യത നേടിയിട്ടുണ്ട്. ഓട്ടം,ചാട്ടം,ഹർഡിൽസ് എന്നിവയിലാണ് ഇവിടെ പ്രധാനമായും പരിശീലനം നൽകുന്നത്.
ഡോ.ടി.എം തോമസ് ഐസക് മന്ത്രിയായിരുന്നപ്പോഴാണ് കലവൂർ എൻ.ഗോപിനാഥിന്റെ ഓർമ്മ നിലനിർത്താനായി പ്രീതികുളങ്ങര സ്കൂളിനോട് ചേർന്ന് സ്റ്റേഡിയം നിർമ്മിച്ചത്. സാധാരണക്കാരുടെ മക്കളെ കായിക മേഖലയിൽ വളർത്തിക്കൊണ്ടുവരുന്നതിനായി സ്റ്റേഡിയത്തോട് ചേർന്ന് അക്കാദമിയും സ്ഥാപിച്ചു.
നാട്ടുകാരും അക്കാദമി സെക്രട്ടറി മനോജ് മണിയനും നല്ല പിന്തുണയാണ് നൽകുന്നതെന്ന് സാംജി പറഞ്ഞു.
ഉദാരമതികളുടെ സഹായത്തോടെ താരങ്ങൾക്ക് സ്പോർട്സ് കിറ്റും ലഘു ഭക്ഷണവും ലഭ്യമാക്കുന്നുമുണ്ട്.