ആലപ്പുഴ : ജലഅതോറിട്ടിയുടെ കുടിവെള്ള കണക്ഷൻ ലഭിക്കാതെ ജില്ലയിൽ നൂറിലേറെ അങ്കണവാടികൾ. 2020 -21 സാമ്പത്തിക വർഷത്തിൽ, കുടിവെള്ളമില്ലാത്ത അങ്കണവാടികളുടെ പട്ടിക വനിതാ ശിശുവികസന വകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കി ജല അതോറിട്ടിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും ജൽജീവൻ മിഷനിലും അമൃത് പദ്ധതിയിലും ഉൾപ്പെടുത്തി ലൈൻ വലിച്ചിട്ടു. കുട്ടനാടൻ പ്രദേശങ്ങളിൽ ലൈൻ വലിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.
അടുത്ത വർഷമെങ്കിലും ഈ ലൈനുകളിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് അങ്കണവാടികളിലെ ജീവനക്കാർ. കുട്ടനാടൻ പ്രദേശങ്ങളിലാണ് കണക്ഷൻ നൽകുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത്. വെളിയനാട് പഞ്ചായത്തിലെ വിരലിലെണ്ണാാവുന്ന അങ്കണവാടികൾക്കാണ് സ്വന്തമായി പൈപ്പ് കണക്ഷനുള്ളത്. ബാക്കിയുള്ള ഇടങ്ങളിൽ പഞ്ചായത്ത് മുഖേന ടാങ്കുകളിൽ കുടിവെള്ളമെത്തിച്ചു നൽകുകയാണ്. മറ്റിടങ്ങളിൽ കിണർ വെള്ളമടക്കം ഉപയോഗിക്കുന്നു.
പദ്ധതിയുണ്ട്; വെള്ളമില്ല
കുടിവെള്ള സൗകര്യം മെച്ചപ്പെടുത്താൻ ഒരു അങ്കണവാടിയ്ക്ക് പതിനായിരം രൂപ വീതമുള്ള പദ്ധതി നിലവിലുണ്ട്. ഇതിൽ അറുപത് ശതമാനം കേന്ദ്രവും, നാൽപ്പത് ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
ആലപ്പുഴ നഗരത്തിൽ ആകെയുള്ള 177 അങ്കണവാടികളിൽ 38 എണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് ഇവിടങ്ങളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്
ഇതര ജലസ്രോതസ്സുകളിൽ നിന്നുള്ള ജലം ശുദ്ധീകരിക്കാതെ ഉപയോഗിക്കുന്നത് കുട്ടികളിൽ ഏതെങ്കിലും തരത്തിൽ രോഗങ്ങൾക്ക് കാരണമാകുമോ എന്ന ഭയം അങ്കണവാടി ജീവനക്കാർക്കുണ്ട്.
ആലപ്പുഴയിൽ കുടിവെള്ള കണക്ഷനില്ലാത്ത അങ്കണവാടികൾ : 149
കുട്ടനാടൻ പ്രദേശത്തെ അങ്കണവാടികളാണ് കുടിവെള്ള കണക്ഷനില്ലാത്തതിൽ അധികവും. പൈപ്പ് വെള്ളമില്ലെങ്കിലും, മറ്റ് സ്രോതസ്സുകൾ മുഖേന ജലലഭ്യത ഉറപ്പാക്കുന്നുണ്ട്
- ഐ.സി.ഡി.എസ് ഓഫീസർ