അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. 2,4,5,6 തീയതികളിലായി അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നതെന്ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ജനറൽ കൺവീനറുമായ ശോഭാ ബാലൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമാ ദേവി, എച്ച്.എം.ഫോറം കൺവീനർ രാധാകൃഷ്ണ പൈ, സ്കൂൾ പ്രിൻസിപ്പൽ ഹനീഷ്യ.കെ.എച്ച്, വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ മേരി ഷീബ, പ്രഥമാദ്ധ്യാപിക ഫാൻസി .വി, പഞ്ചായത്തംഗങ്ങളായ അപർണാ സുരേഷ്, കെ.കവിത, പബ്ലിസിറ്റി കൺവീനർ ജി.ജയൻ, രതീഷ് കുമാർ, വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉപജില്ലയിലെ 59 വിദ്യാലയങ്ങളിൽ നിന്നായി 2500 ഓളം കലാ പ്രതിഭകൾ 245 ഇനങ്ങളിലായി മാറ്റുരയ്ക്കും. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയാകും.7 വേദികളിലായാണ് മത്സരം നടക്കുക. ഇന്ന് ഉച്ചക്ക് 2.30 ന് എച്ച്.സലാം എം.എൽ.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷത വഹിക്കും.ചലച്ചിത്ര താരം മഹാദേവൻ മുഖ്യാതിഥിയാകും.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഗായത്രിയെ ചടങ്ങിൽ ആദരിക്കും. 6 ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പവിഴ കുമാരി. എൽ സമ്മാനദാനം നിർവഹിക്കും.