a

മാവേലിക്കര : തകർന്നു കിടക്കുന്ന പനച്ചമൂട് - റബർ എസ്റ്റേറ്റ് റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. കായംകുളം തിരുവല്ല സംസ്ഥാന പാതയേയും കെ.പി റോഡിൽ നിന്ന് ഈരേഴ വഴി കണ്ടിയൂരിലേക്ക് എത്തുന്ന സമാന്തര പാതയേയും ബന്ധിപ്പിക്കുന്ന വഴിയാണ് പനച്ചമൂട് - റബർ എസ്റ്റേറ്റ് കാട്ടുവള്ളിൽ റോഡ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്രാവഴികൂടിയാണ് ഇത്.

കണ്ടിയൂർ തട്ടാരമ്പലം കലുങ്ക് പണിയാണ് ഈ റോഡിന്റെ ജാതകം തിരുത്തിക്കുറിച്ചത്. സാമാന്യം യാത്രചെയ്യാൻ കഴിയുമായിരുന്ന റോഡ് ഇന്നത്തെ അവസ്ഥയിലേക്ക് എത്താൻ കാരണം മാസങ്ങളോളം മാവേലിക്കര - ഹരിപ്പാട് റോഡ് തട്ടാരമ്പലത്ത് അടച്ചിട്ടതാണ്. പ്രധാന പാതയിൽ പോകുന്ന അത്രയും ഭാരവുമുള്ള വാഹനങ്ങൾ ഈ ഇടറോഡിലൂടെ ഓടിയപ്പോൾ റോഡ് താറുമാറായി.

കലുങ്ക് നിർമ്മാണം പൂർത്തിയാകുമ്പോൾ കാട്ടുവള്ളിൽ റോഡ് നവീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പാലം തുറന്നതോടെ അധികൃതർ കാലുമാറി. വലിയ കുഴികൾ അടച്ചതൊഴിച്ചാൽ റോഡ് പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുന്നതിന് തയ്യാറായില്ല.

കൂനിൻമേൽ കുരുവായി പൈപ്പ് ലൈൻ

 ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്തത് റോഡിന്റെ വശങ്ങൾ കൂടുതൽ ഇടിഞ്ഞുതാഴാൻ കാരണമായി

 ഇപ്പോൾ കല്ലുകൾ ഇളകിക്കിടക്കുകയാണെങ്കിലും യാത്രക്ക് തടസ്സമില്ല. മഴ പെയ്തുകഴിഞ്ഞാൽ റോഡിൽ കുഴികളും വെള്ളക്കെട്ടുമാകും

അടുത്തിടെ റോഡിൽ മണ്ണിട്ട് കുഴികൾ അടച്ചിരുന്നു. എന്നാൽ ഇതുവരെ ടാർ ചെയ്യാനുള്ള നടപടികൾ ഉണ്ടായിട്ടില്ല .

പനച്ചമൂട് ജംഗ്ഷന് കിഴക്കുള്ള കലുങ്ക് നിർമ്മാണം പൂ‌ർത്തിയായിട്ടും ഇതിന് സമീപത്തുള്ള കുഴികൾ നികത്തിയില്ല.അടുത്ത മഴക്ക് മുമ്പ് റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണം

- നാട്ടുകാർ