mariyam-fathima

മാന്നാർ : ഇരുവൃക്കകളും തകരാറിലായ സഹോദരിക്ക് സ്വന്തം വൃക്ക നൽകാൻ യുവാവ് സന്നദ്ധനാണെങ്കിലും ചികിത്സാ ചെലവിനായി 20 ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതെ കുടുംബം. മാന്നാർ ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിൽ ഇരമത്തൂർ കാരാഞ്ചേരിൽ അഹമ്മദ് കബീർ -ബീമാ ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ മകളായ മറിയം ഫാത്തിമ(18) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ ചികിത്സയിലുള്ളത്. ഏക സഹോദരൻ സൈഫുദ്ദീൻ തന്റെ സഹോദരിക്കായി വൃക്ക നൽകാൻ സന്നദ്ധനാണ്. വൃക്ക മാറ്റിവെക്കലിനും തുടർ ചികിത്സക്കയുമായി ഏകദേശം 20 ലക്ഷത്തോളം രൂപ വേണ്ടി വരും. പ്രവാസലോകത്തുനിന്നും മടങ്ങി വന്ന അഹമ്മദ് കബീർ ഓട്ടോറിക്ഷ ഓടിച്ചും കുടിവെള്ളം വിതരണം ചെയ്തുമാണ് കുടുംബം പോറ്റി വന്നിരുന്നത്. കബീറിന് ഹൃദയസംബന്ധമായ രോഗംമൂലം സർജറി വേണ്ടി വരികയും തുടർന്നുള്ള ചികത്സയ്ക്കായും മറ്റും നല്ലൊരു തുക ചിലവഴിക്കേണ്ടിയും വന്നു. ഭാര്യയ്ക്കും കിഡ്നി സംബന്ധമായ രോഗം ബാധിക്കുകയും സമ്പാദ്യങ്ങളെല്ലാം ചികിത്സയ്ക്കായി വിനിയോഗിക്കേണ്ടിയും വന്നു. വീടും സ്ഥലവും പണയപ്പെടുത്തി സർവീസ് സഹകരണ ബാങ്കിൽ നിന്നും എടുത്ത 15 ലക്ഷത്തോളം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്.

വൃക്കകൾ തകരാറായതോടെ പ്ലസ്‌ ടു പഠനം പൂർത്തിയാക്കാൻ മാത്രമാണ് മറിയം ഫാത്തിമക്ക് കഴിഞ്ഞത്. ബി.എസ് സി അഗ്രികൾച്ചറിൽ ഉന്നത വിജയം കരസ്ഥമാക്കിയ സൈഫുദ്ദീന്റെ തുടർ പഠനവും മുടങ്ങി. ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് ഇളയ സഹോദരി. ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ വാർഡ് മെമ്പർ കെ.സി പുഷ്പലതയുടെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ച് സുമനസുകളുടെ സഹായം തേടും. മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി, വെൽഫെയർ സമിതി എന്നിവരുടെ നേതൃത്വത്തിൽ മറിയം ഫാത്തിമ ചികിത്സാ സഹായ നിധിയിലേക്ക് പണം സ്വരൂപിക്കാനായി ഇന്നും നാളെയും മാന്നാർ മഹല്ലിലെ ഭവനങ്ങൾ സന്ദർശിക്കും. വെൽഫെയർ സമിതിയുടെ പേരിൽ കേരള ഗ്രാമീണ ബാങ്ക് മാന്നാർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 40557110000036, ഐ.എഫ്.എസ്.സി കോഡ്: KLGB0040557