ആലപ്പുഴ:ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിതയും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. പൊലീസ് കേസ് ഡയറി ഹാജരാക്കാതിരുന്നതിനാലാണ് കേസ് പരിഗണിക്കുന്നത് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ മാറ്റിയത്.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ അഞ്ജു സെബാസ്റ്റ്യൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് സൗത്ത് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. തിങ്കളാഴ്ച കേസ് ഡയറി ഹാജരാക്കുന്നതിന് പിന്നാലെ ജാമ്യഹർജിയിൽ കോടതി വാദം കേൾക്കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആശുപത്രിയിൽ നിന്ന് ജീവനക്കാരുടെയും രോഗികളുടെയുമുൾപ്പെടെ നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തി. സംഭവം സംബന്ധിച്ച് നിർണായകമായ ക്യാമറ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഡോക്ടറുടെ പരാതിയിൽ ഏകപക്ഷീയമായ പൊലീസ് നടപടി ജനപ്രതിനിധികളുടെയും ഭരണ കക്ഷിയിലേതുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് വലിയ ചുടുകാട് വിശ്രമ കേന്ദ്രത്തിൽ യുവാവിന്റെ ആക്രമണത്തിനിരയായ നഗരസഭാ ജീവനക്കാരെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചപ്പോഴുണ്ടായ വാക്കുതർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വൈസ് ചെയർമാനും സ്ഥിരം സമിതി അദ്ധ്യക്ഷയ്ക്കുംവേണ്ടി അഡ്വ. പ്രിയദർശൻ തമ്പി കോടതിയിൽ ഹാജരായി.