ആലപ്പുഴ : ജില്ലയിലെ കൂടുതൽ പ്രദേശങ്ങളും അയൽക്കൂട്ടങ്ങളും ഹരിതമാകുന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് വിവിധ പൊതുസ്ഥലങ്ങൾക്കും, വിദ്യാലയങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഹരിതപദവി നൽകുക.
ആദ്യഘട്ടത്തിൽ മൂന്ന് ടൂറിസം കേന്ദ്രങ്ങൾക്ക് ഹരിത പദവി നൽകി. താമരക്കുളം വയ്യാങ്കരച്ചിറ, ആലപ്പുഴ ബീച്ചിന് സമീപത്തെ അഡ്വഞ്ചർ പാർക്ക്, ചില്ലാ ആർട്ട്സ് കഫേ എന്നിവയാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ബീച്ചും പുന്നമടയും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുന്ന പ്രവർത്തനങ്ങൾ ജനുവരിയോടെ പൂർത്തിയാകും.
തദ്ദേശസ്ഥാപനങ്ങളിൽ ഓരോനഗരം, നാൽക്കവല, വ്യാപാരകേന്ദ്രം എന്നിവ ശുചീകരിച്ച് സൗന്ദര്യവത്ക്കരിക്കും. ഓരോ സർക്കാർ സ്ഥാപനത്തിലും ഹരിത പെരുമാറ്റ ചട്ടം ഉറപ്പാക്കിയ ഘടകങ്ങൾ പ്രദർശിപ്പിച്ച് ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജൈവ, അജൈവ, ദ്രവ മാലിന്യ സംസ്‌കരണം, മാലിന്യം വലിച്ചെറിയൽ, ഗ്രീൻ പ്രോട്ടോക്കോൾ പാലനം, മാലിന്യക്കൂനകൾ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ വിലയിരുത്തിയാണ് ഹരിത ഗ്രേഡിംഗ് നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളും ഹരിതകേരളം മിഷൻ, ഡി.ടി.പി.സി, ശുചിത്വ മിഷൻ, കുടുംബശ്രീ, ടൂറിസം,വിദ്യാഭ്യാസ വകുപ്പുകൾ എന്നിവ ഒന്നിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
അയൽക്കൂട്ടങ്ങൾക്ക് ഗ്രേഡിംഗ്
സർവേയും ഗ്രേഡിങ്ങും നടത്തി സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്
വാർഡുതലത്തിൽ തിരഞ്ഞെടുത്ത കുടുംബശ്രീ വോളണ്ടിയർമാരാണ് സർവേ നടത്തുന്നത്
അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്‌ക്കരണ രീതികൾ, നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ എന്നിവ മാനദണ്ഡങ്ങളിൽപ്പെടും
ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ് തല ഗ്രേഡിങ്ങുമുണ്ട്. ഡിസംബർ 30ന് മുമ്പ് മുഴുവൻ അയൽക്കൂട്ടങ്ങളുടെയും സർവേ പൂർത്തിയാക്കും
ആദ്യഘട്ട സർവേയിൽ അറുപത് ശതമാനത്തിൽ താഴെ സ്‌കോർ നേടിയ അയൽക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അവയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ
ജില്ലയിൽ ഹരിത പദവി ലഭിക്കുന്നവ
31 പൊതുസ്ഥലങ്ങൾ
744 സ്ഥാപനങ്ങൾ
249 വിദ്യാലയങ്ങൾ
795 അയൽക്കൂട്ടങ്ങൾ