
ചാരുംമൂട്: കേരളപ്പിറവി ദിനത്തിൽ താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം കേന്ദ്രം ഉൾപ്പെടെ ജില്ലയിലെ മൂന്നു ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. ആലപ്പുഴ ബീച്ചിന് സമീപത്തെ അഡ്വഞ്ചർ പാർക്ക്, ചില്ലാർട്ട്സ് കഫേ എന്നിവയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് കേന്ദ്രങ്ങൾ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിൽ ഗ്രീൻ ഫോറസ്റ്റ് എന്ന പേരിലാണ് വയ്യാങ്കരച്ചിറ ടൂറിസം കേന്ദ്രം ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണു ഹരിത വിനോദ സഞ്ചാര കേന്ദ്രമായുള്ള പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്തംഗം ശോഭ സജി അധ്യക്ഷത വഹിച്ചു. ഹരിത കേരളം കർമ്മപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. പഞ്ചായത്തംഗങ്ങളായ റ്റി.മൻമഥൻ, ആത്തുക്കാ ബീവി, തൻസീർ കണ്ണനാകുഴി,ആർ. ശ്രീജ,റഹുമത്ത് റഷീദ്, സെക്രട്ടറി ജി.മധു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, ഡി.സതി, കെ.ജയകുമാർ, രാഹുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.