photo

ചാരുംമൂട്: താമരക്കുളം ചാവടി പി.നീലകണ്ഠപിള്ള മെമ്മോറിയൽ ലോവർ പ്രൈമറി (പി.എൻ.പി.എം എൽ.പി സ്കൂൾ) സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് മന്ത്രി സജി ചെറിയാൻനിർവഹിക്കും. എം.എസ് അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. പൂർവ്വവിദ്യാർത്ഥിയും ചലച്ചിത്ര സംവിധായകനുമായ കണ്ണൻ താമരക്കുളം പങ്കെടുക്കും. കൊല്ലം-തേനി ദേശീയപാതയോട് ചേർന്ന് 1925-ൽ തയ്യിൽ പി.നീലകണ്ഠപിള്ള സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ഒരു വർഷം നീണ്ടുനിൽ ക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേരും. വിദ്യാഭ്യാസ രംഗത്തെ നൂതന പഠന സമ്പ്രദായങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിക്കൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ജ്ഞാനോത്സവം, ബോധവൽക്കരണ ക്ലാസുകൾ, കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥി സംഗമം, സെമിനാറുകൾ, മെഗാ തിരുവാതിര തുടങ്ങിയ പരിപാടികളും നടക്കുമെന്ന് പി.ടി.എ പ്രസിഡന്റ് മഹീഷ് മലരിമേൽ, പ്രഥമാധ്യാപിക വി.ശ്രീകുമാരി, ജനറൽ കൺവീനർ സി.ജി. സന്തോഷ്കുമാർ, ജോയിന്റ് കൺവീനർ ആര്യ ആദർശ്, എം.പി.റ്റി.എ പ്രസിഡന്റ് കെ.ഷെമീന എന്നിവർ അറിയിച്ചു.