ആലപ്പുഴ: ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാർക്ക് (വി.ഇ.ഒ) ശമ്പളം ലഭിക്കണമെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം വേണമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ സർക്കുലർ വിവാദമാകുന്നു. ഈ മാസം മുതൽ പഞ്ചായത്ത് പൊതുരജിസ്റ്ററിൽ ഒപ്പിട്ട് സെക്രട്ടറിയുടെ സാക്ഷ്യപ്രത്രം ബ്ളോക്ക് പഞ്ചായത്തിൽ ഹാജരാക്കണമെന്ന് സർക്കുലറിൽ പറയുന്നു. ഫീൽഡ് ജോലികൾക്ക് ഉൾപ്പടെ സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ രണ്ട് വീതം വി.ഇ.ഒമാരാണുള്ളത്. സർക്കുലർ നടപ്പാക്കുന്നതോടെ വി.ഇ.ഒമാർ കരാർ ജീവനക്കാർക്ക് തുല്യമാകുമെന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ ജില്ലയിലെ വി.ഇ.ഒമാർ കൂട്ട അവധിയെടുത്ത് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.
ജില്ലയിലെ വി.ഇ.ഒ മാർ: 130
അസൗകര്യം, അവഗണന
1. വിവിധങ്ങളായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയ ഉദ്യോഗസ്ഥർ ആയിട്ടുപോലും വകുപ്പ് സംയോജനം വന്നപ്പോൾ അവഗണിച്ചു.
2. ഗ്രാമപഞ്ചായത്തിൽ കൂടുതൽ ഫീൽഡ് പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരാണെങ്കിലും ആവശ്യത്തിന് വാഹനങ്ങൾ പോലുമില്ല
3. നിർദ്ദേശങ്ങൾ ജോലി സ്വഭാവത്തെ ഹനിക്കുമെന്നും അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നുമാണ് ആവശ്യം.
സർക്കുലർ ഉടൻ പിൻവലിക്കണം. ജീവനക്കാർക്ക് ഫീൽഡ് പരിശോധനക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കണം. തദ്ദേശ സ്വയംഭരണ ഓഫീസുകളിൽ പഞ്ചിംഗ് സംവിധാനം അടിയന്തരമായി നടപ്പാക്കണം
- കൺവീനർ, വി.ഇ.ഒമാരുടെകൂട്ടായ്മ