ആലപ്പുഴ : ജില്ലാ പഞ്ചഗുസ്‌തി അസോസിയേഷൻ, ജില്ലാ സ്പോർട്‌സ് കൗൺസിൽ എന്നിവയുടെ നേത്യത്വത്തിൽ നടത്തുന്ന പഞ്ചഗുസ്‌തി ജില്ലാ ചാമ്പ്യൻഷിപ്പ് 9 ന് രാവിലെ 8 മുതൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് സമീപമുള്ള റോട്ടറി ക്ലബ് ഹാളിൽ നടക്കുമെന്ന് ആം റെസലിംഗ് അസോസിയേഷൻഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

9 ന് രാവിലെ 8 മുതൽ 10 വരെ രജിസ്ട്രേഷനും ഭാരനിർണ്ണയവും നടക്കും. രാവിലെ 10 ന് കെ.സി.വേണുഗോപാൽ എം.പി. മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡൻ്റ് കെ.എസ്.അഷ്റഫ് അദ്ധ്യക്ഷത വഹിക്കും.

താരങ്ങൾ ഹാഫ് ടിഷർട്ട്, ട്രാക്ക് പാൻ്റ്, ഷൂസ് എന്നിവ ധരിച്ച് വേണം മത്സരത്തിന് പങ്കെടുക്കേണ്ടത്. പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടു വരേണ്ടതാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ഡിസംബർ 12 മുതൽ 15 വരെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ആം റെസലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ് അഷറഫ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ വി.ബി സഫീദ് എസ്.ജെ ജയൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു