
ആലപ്പുഴ : അയൺമാൻ ഗോവ 70.3ൽ വിജയികളായി ദമ്പതികൾ. ആലപ്പുഴ സ്വദേശികളായ ഡോ.രൂപേഷും ഭാര്യ സുശീല പൈയുമാണ് അഭിമാനനേട്ടം കൈവരിച്ചത്. കപ്പിൾസ് വിഭാഗത്തിൽ റിലേയിലായിരുന്നു ഇവരുടെ വിജയം. മക്കളായ ആരുഷ്, സുരേഷ് എന്നിവർ അയൺ കിഡ് വിഭാഗത്തിലും വിജയികളായി. മലബാർ ഡെന്റൽ കോളേജിലെ പ്രൊഫസറും ആലപ്പുഴ ദന്തൽ ഹോം ഉടമയുമായ ഡോ.രൂപേഷ് മൂന്ന് തവണ അയൺമാൻ പട്ടം കൈവരിച്ചിട്ടുള്ളയാളാണ്. മൂന്ന് തവണ ഹാഫ് അയൺമാൻ പട്ടവും നേടിയിട്ടുണ്ട്.
ലോകത്തിൽ ഏറ്റവും കഠിനമേറിയ ഒരു ദിവസത്തിൽ നടത്തുന്ന ദൈർഘ്യമുള്ള കായിക ഇനമാണ് അയൺമാൻ ട്രയാത്തലോൺ.
4 കിലോമീറ്റർ കടലിൽ നീന്തി 180 കിലോമീറ്റർ സൈക്കിൾ ചവിട്ടി 42 കിലോമീറ്റർ ഓടുകയും ചെയ്യണം. ഇത് 16 മണിക്കൂറിനുള്ളിൽ പൂർത്തീകരിക്കുന്ന ആൾക്കാണ് അയൺമാൻ പട്ടം ലഭിക്കുന്നത്. ഇതിന്റെ പകുതി ദൂരം ട്രയാത്തലോൺ ആണ് ഗോവയിൽ നടന്ന അയൺമാൻ 70.3. ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് അയൺ മാൻ 70.3 മത്സരം നടത്തപെടുന്നത്