bypass

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിന് സമാന്തരമായി തീരത്ത് നിർമ്മിക്കുന്ന പാലത്തിന്റെ സ്ളാബുകളുടെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നു.

കൊമ്മാടി മുതൽ കളർകോട് വരെയാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. 6.8കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസിൽ 3.43 കിലോമീറ്ററും മേൽപ്പാലമാണ്. 14മീറ്റർ വീതിയിൽ മൂന്ന് വരിപാത കൂടി നിർമ്മിക്കുന്നുണ്ട്. നിലവിൽ 12 മീറ്റർ വീതിയിൽ രണ്ടു വരി പാതയാണ്. ഇതോടെ ബൈപ്പാസിൽ അഞ്ചുവരി പാതയാകും. പുതിയ പാലത്തിൽ 96 തൂണുകളിലായി 95 സ്പാനുകളാണ് വേണ്ടത്. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. തീരദേശ റെയിൽപാലം കടക്കുപോകുന്ന ഇ.എസ്.ഐ ഭാഗത്തും ബാപ്പുവൈദ്യർ ജംഗ്ഷന് സമീപത്തും ഒഴികെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

ഗർഡറുകൾ സ്ഥാപിച്ച ഭാഗത്ത് കോൺക്രീറ്റിംഗ് ജോലികൾ നടന്നു. ശേഷിച്ച ഭാഗത്തെയും കോൺക്രീറ്റിംഗ് വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഇടയ്ക്കിടെ പെയ്യുന്ന മഴ കോൺക്രീറ്റിന് ഗുണം ചെയ്യും.

ബൈപ്പാസ് അഞ്ചുവരിയാകും

1. 2023 ആഗസ്റ്റിലാണ് ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. നിലവിൽ 12 മീറ്റർ വീതിയിൽ രണ്ടു വരി പാതയാണുള്ളത്. 14മീറ്റർ വീതിയിൽ മൂന്ന് വരിപാത കൂടി നിർമ്മിക്കുന്നതോടെ ബൈപ്പാസ് അഞ്ചുവരി പാതയാകും

2. ബൈപ്പാസിന് പടിഞ്ഞാറുഭാഗത്തായി കടലിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് മേൽപ്പാലം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വിദഗ്ദ്ധ തൊഴിലാളികൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്

3. തോട്ടപ്പള്ളി സ്പിൽവേ പാലത്തിന്റെ നിർമ്മാണത്തിനുള്ള മണ്ണു പരിശോധനയും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പാലത്തിന് സമാന്തരമായി ആറുവരി പാതയിൽ 444 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്

ആലപ്പുഴ ബൈപാസ്

സമാന്തര പാത

നീളം: 6.8 കി. മീറ്റർ

മേൽപ്പാലം

നീളം : 3.43കി. മീറ്റർ

വീതി: 14മീറ്റർ

തൂണുകൾ: 96

സ്പാനുകൾ: 95