helpdesk-thunayayi

മാന്നാർ : പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിന് പള്ളിയിലേക്ക് വരുന്ന വഴി റോഡിൽ വീണ വയോധികന് മാന്നാർ ഗ്രാമപഞ്ചായത്ത് ഹെൽപ് ഡെസ്ക്ക് തുണയായി. തീർത്ഥാടകനായ നിരണം കടവിൽ അനിയൻ (91) ആണ് ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ പരുമലക്കടവിൽ വീണത്. ഒപ്പം ആരുമില്ലാത്ത അവസ്ഥയിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഹെല്പ് ഡെസ്കിൽ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി രത്നകുമാരിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരായ സർലോസ്, മണിക്കുട്ടൻ എന്നിവർ ചേർന്ന് ഹെൽപ്പ് ഡെസ്കിൽ എത്തിക്കുകയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥയായ പാലിയേറ്റീവ് നേഴ്സ് ഉമ ,ആശാവർക്കർമാരായ സുമ, പുഷ്പ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നല്കുകിയ ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. പി​ന്നീട്, നിരണത്ത് നിന്നുമെത്തിയ മകനൊപ്പം ഉദ്യോഗസ്ഥർ യാത്രയാക്കി. പരുമല പടയാത്രികരായ ഇരുപതിലധികം പേർക്ക് മാന്നാർ ഗ്രാമപഞ്ചായത്ത് ഹെൽപ് ഡസ്കിലൂടെ ആരോഗ്യ പരിചരണം നൽകാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. രത്നകുമാരി പറഞ്ഞു.