
മാന്നാർ: കനത്ത മഴയിൽ മാന്നാർ പരുമലക്കടവിൽ റോഡിൽ വെള്ളം നിറഞ്ഞത് പരുമല തീർത്ഥാടകരെയും വ്യാപാരികളെയും വലച്ചു. പരുമല പെരുന്നാളിന്റെ സമാപനമായ ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്ത കനത്ത മഴയിലാണ് മാന്നാർ പരുമലക്കടവിനു തെക്കു വശം വെള്ളത്തിലായത്
വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ റോഡിൽ നിറഞ്ഞ വെള്ളം കടകളിലേക്ക് ഒഴുകിയെത്തിയതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായി. സംസ്ഥാന പാതയിൽ മാന്നാർ ടൗണിലെ ആറ് വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്.ഇന്നലെ ഉച്ചകഴിഞ്ഞ് തുടങ്ങിയ മണിക്കൂറുകൾ നീണ്ട മഴയാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാക്കിയത്. ഓടയിലൂടെ വെള്ളം ഒഴുകി പോകാൻ കഴിയാത്ത വിധത്തിൽ ഓടകൾ അടഞ്ഞ് കിടക്കുന്നതിനാലാണ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് ഉണ്ടായത്. ഈ ഭാഗങ്ങളിലെ ഓടവൃത്തിയാക്കിയിട്ട് വർഷങ്ങളായി. അടിയന്തിരമായി മാലിന്യങ്ങൾ നീക്കം ചെയ്ത് ഓട നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.