
കുട്ടനാട്: പാതിവഴിയിൽ പണിമുടങ്ങിയ കൈനകരി -വെള്ളാമത്ര റോഡിന് ശാപമോക്ഷം. രണ്ടര കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ നവീകരണത്തിന്
4.32 കോടി രൂപ അനുവദിച്ചു. ഇനി സാങ്കേതിക അനുമതി കൂടി ലഭിക്കണം.
ഇതിന്റെ ഭാഗമായി ചെറുകിട ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഇതോടെയാണ് ഏഴ് വർഷമായി മുടങ്ങിക്കിടന്ന റോഡിന് പുതുജീവൻ വയ്ക്കുമെന്ന് ഉറപ്പായത്.
2017ൽ റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചെങ്കിലും, 2019ൽ തണ്ണീർത്തട സംരക്ഷണ നിയമം കുരുക്കായി. തുടർന്ന്, മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 2022ൽ ഈ തടസം നീക്കിയെങ്കിലും പഴയ തുക തികയാതെ വന്നു.
പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതോടെയാണ് നടപടികൾക്ക് ആക്കം കൂടിയത്.
സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെണ്ടർ നടപടികളിലേക്ക് കടക്കും. തുടർന്ന് റോഡിന്റെ നിർമ്മാണം പുനരാരംഭിക്കും. റോഡ് പൂർത്തിയാകുന്നതോടെ, ബോട്ടുകാത്ത് മണിക്കൂറുകൾ നിൽക്കേണ്ടി വരുന്ന കൈനകരി നിവാസികളുടെ ദുരിതത്തിന് പരിഹാരമാകും.