moortitta-mukkathari-road

മാന്നാർ: യാത്രക്കാരുടെ നടുവൊടിക്കുന്ന മൂർത്തിട്ട- മുക്കാത്താരി റോഡിൽ ദുരിത യാത്രപേറി നാട്ടുകാർ . അപ്പർ കുട്ടനാടൻ മേഖലയായ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 1,2,3,4 വാർഡുകളിലൂടെ കടന്നുപോകുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിലൂടെ ദുരിതയാത്ര താണ്ടിയുള്ള നാട്ടുകാരുടെ ജീവിതത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന പ്രദേശത്തിന്റെ ഏകആശ്രയമായ പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂന്നുമീറ്റർ മാത്രം വീതിയുള്ള മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് , വിവിധ രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും നിരവധി പ്രതിഷേധ സമരങ്ങളാണ് നടത്തിയിട്ടുള്ളത്. കാൽ നട യാത്രപോലും ദുസഹമായ ഈ റോഡിലേക്ക് ഓട്ടോറിക്ഷകൾ പോലും കടന്നു വരാൻ മടിക്കുന്നത് മൂലം രോഗികളും വൃദ്ധ ജനങ്ങളും ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ നിർമ്മാണത്തിനായി സ്ഥലം എം.എൽ.എ കൂടിയായ സജി ചെറിയാൻ റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ അളവെടുപ്പ് നടന്നതോടെ നാട്ടുകാർ ഏറെ ആഹ്ലാദിച്ചു. 13കോടിക്ക് കരാർ ഏറ്റെടുത്ത് ആറുമീറ്റർ വീതിയിൽ നിർമ്മാണം. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ചെയർമാനായും, കെ.എം.അശോകൻ കൺവീനറായും 50 പേർ അടങ്ങുന്ന ജനറൽ കമ്മിറ്റിയും 25 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയും തിരഞ്ഞടുത്ത് സംഘാടക സമിതി രൂപീകരിച്ച് കഴിഞ്ഞ മാർച്ച് 12 ന് മന്ത്രി സജി ചെറിയാൻ നിർമ്മാണോദ്‌ഘാടനവും നടത്തി. പിന്നെയും മാസങ്ങൾ കഴിഞ്ഞു. കരാറെടുക്കാൻ മുന്നോട്ട് വന്ന മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് നിർമ്മാണ പ്രവർത്തനത്തിൽ നിന്നും പിന്മാറിയതോടെ വീണ്ടും രണ്ടു പ്രവശ്യം ടെണ്ടർ നടത്തിയിട്ടും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അവസാനമായി ക്വട്ടേഷൻ നടപടികളിലൂടെ ആരെങ്കിലും നിർമ്മാണം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

...................

#കല്യാണം മുടക്കി റോഡ്

തകർന്നു കിടക്കുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിനു പുതിയൊരു പേര് കൂടി നാട്ടുകാർ ചാർത്തി നൽകി. പറഞ്ഞുറപ്പിച്ച കല്യാണ ആലോചനകൾ പലതും റോഡിന്റെ പേരിൽ മുടങ്ങിയതോടെ കല്യാണം മുടക്കി റോഡെന്ന പേര് നൽകി. വരന്റെ വീട് കാണാൻ തകർന്ന റോഡിലൂടെ യാത്ര ചെയ്തെത്തിയ വധുവിന്റെ ആൾക്കാർ കല്യാണത്തിൽ നിന്നും പിൻവാങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇനി റോഡ് ശെരിയാകുന്നത് വരെ ആലോചനകളൊന്നും വേണ്ടായെന്നാണ് കല്യാണപ്രായമെത്തിയ ഒരു യുവാവിന്റെ ദീന വിലാപം.