ആലപ്പുഴ: രോഗിക്ക് ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് ജനറൽ ആശുപത്രിയിൽ വനിതാഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയായ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയെ കേസിൽ നിന്നൊഴിവാക്കിയ പൊലീസ് നടപടിക്കെതിരെ പരാതിക്കാരിയായ ഡോക്ടർ രംഗത്ത്.
കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്. കവിതയെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈനെ മാത്രം പ്രതിയാക്കിയാക്കിയത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ച ശേഷം കേസ് അട്ടിമറിച്ച പൊലീസ് നടപടിക്കെതിരെ കെ.ജി.എം.ഒ.എയുമായി ആലോചിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനാണ് ഡോക്ടറുടെ തീരുമാനം.
വലിയ ചുടുകാട് വിശ്രമ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്ച യുവാവിന്റെ കൈയേറ്റത്തിനിരയായ നഗരസഭാ ജീവനക്കാർക്ക് ചികിത്സ നിഷേധിച്ചുവെന്ന ആരോപണമാണ് ഡോക്ടറും ജനപ്രതിനിധികളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമായത്.
അതേസമയം, കേസിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് വൈസ് ചെയർമാൻ ഹുസൈൻ പറഞ്ഞു. എന്നാൽ, പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന നിലപാടിലാണ് സി.പി.ഐ. കേസിൽ ഒരാളെ ഒഴിവാക്കിയുള്ള നടപടിക്കെതിരെ ജില്ലാ നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നൽകിയതോടെ ജനറൽ ആശുപത്രിയിലെ ഡോക്ടർ- കൗൺസിലർ പോര് പുതിയ തലത്തിലെത്തിനിൽക്കുകയാണ്.