online

ആലപ്പുഴ: ഒരാൾ ജോലി വേണ്ടെന്നുവച്ചാൽ പകരം നൂറ് പേരെ കിട്ടും. അതുകൊണ്ട് നഷ്ടം സഹിച്ചും കിട്ടിയ ജോലി കളയാതെ പിടിച്ചുനിൽക്കുകയാണ്... നഗരത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുന്ന ഡെലിവറി പാർട്ണറുടെ വാക്കുകളാണിത്. നാട് മുഴുവൻ ഓടിക്കഴിഞ്ഞ് ലഭിക്കുന്ന ഇൻസെന്റീവ് ജീവനക്കാർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ,​ കോർപ്പറേറ്റ് കമ്പനികൾ ഇൻസെന്റീവ് തന്നെ വെട്ടിക്കളഞ്ഞ സ്ഥിതിയാണ്. മൂന്ന് കിലോമീറ്റർ ഓടുമ്പോൾ അമ്പത് രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ കൈയിൽ കിട്ടുന്നത് പരമാവധി 25 രൂപ. ഓർഡറെടുക്കാൻ പാർട്ണർ എത്ര കിലോമീറ്റർ താണ്ടി വന്നാലും തുക കൂടില്ല. ആലപ്പുഴ പോലൊരു ചെറിയ ജില്ലയിൽ ആവശ്യമുള്ളതിനെക്കാൾ എത്രയോ ഇരട്ടിപ്പേരെ കമ്പനികൾ ജോലിക്കെടുത്തിട്ടുണ്ട്. മേഖലയിൽ സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഓരോ ജീവനക്കാരെയും ജോലിക്കെടുക്കുമ്പോൾ മുകൾ തട്ടിലിരിക്കുന്നവർക്ക് നിശ്ചിത തുക വരുമാനം ലഭിക്കും. കൂടുതൽ ഓ‌ർഡറുകൾ പുതിയ ജീവനക്കാരന് നൽകുന്നതോടെ മുമ്പ് മേഖലയിലുണ്ടായിരുന്നവർക്ക് ടാർജറ്റ് നേടാനാവാത്ത നിലയിലെത്തും. ഇൻസെന്റീവ് നൽകാതിരിക്കാൻ വേണ്ടി കോർപ്പറേറ്റ് തലത്തിൽ ഇത്തരം കള്ളക്കളികൾ നടക്കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.

മഴയോ,​ എന്തുകാര്യം !

#മഴ പോലുള്ള പ്രതികൂല കാലവസ്ഥയിൽ ഭക്ഷണ വിതരണം ചെയ്യുന്നവർക്ക് വേണ്ടി കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ചാർജ്ജ് ചെയ്യാറുണ്ട്.

#എന്നാൽ,​ മഴയത്താണ് യാത്ര ചെയ്തതെന്നതിന് എന്തെങ്കിലും കിട്ടണമെങ്കിൽ ഡെലിവറി പാർട്ണർ തെളിവായി ഫോട്ടോ ഹാജരാക്കണം.

#ലഭിച്ച ഫോട്ടോ വ്യക്തമല്ലെന്ന കാരണത്താൽ ഈ തുക കമ്പനി നിഷേധിക്കുന്നതും പതിവാണ്.

# ഉപഭോക്താക്കൾ നൽകുന്ന ടിപ്പുകളും പാർട്ണർക്ക് ലഭിക്കുന്നില്ലെന്ന പരാതി സ്ഥിരമായി ഉയരുന്നുണ്ട്.

#ആലപ്പുഴ നഗരത്തിലെ ഉപഭോക്താക്കളിൽ നല്ലൊരു പങ്ക് ടൂറിസ്റ്റുകളാണ്. ഇവർ പലപ്പോഴും ലൊക്കേഷൻ തെറ്റായാണ് രേഖപ്പെടുത്തുന്നത്.

#ഉപഭോക്താവ് നിൽക്കുന്ന സ്ഥലം കണ്ടെത്തി ഭക്ഷണം എത്തിച്ചുനൽകിയാലും, തെറ്റായ ലൊക്കേഷൻ എന്ന് കാട്ടി കമ്പനി പേ ഔട്ട് നിഷേധിച്ച സംഭവങ്ങളുണ്ട്.

#ഉപഭോക്താവ് ഫോൺ എടുക്കാതെ ഓർഡർ ക്യാൻസൽ ചെയ്യപ്പെട്ടാലും പഴി ഡെലിവറി ജീവനക്കാർ കേൾക്കണം.

ജോലി കൂടി, വരുമാനം ഇടിഞ്ഞു

രാവിലെ 9 മുതൽ രാത്രി രണ്ട് വരെ മേഖലയിൽ ജോലി ചെയ്യുന്നവരുണ്ട്. മുമ്പ് 1500 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് എഴുന്നൂറ് രൂപ ലഭിച്ചാൽ ഭാഗ്യമെന്ന് ജീവനക്കാർ പറയുന്നു. ആയിരം രൂപയ്ക്ക് ഓടിയാൽ അറുന്നൂറ് രൂപ ഇൻസെന്റീവ് ലഭിച്ചിരുന്നതും ഓർമ്മയായി. ഇതിന് പുറമേ പെട്രോൾ കാശും സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കണം.

ഇൻസെന്റീവ് ലഭിച്ചിരുന്നപ്പോൾ പെട്രോൾ കാശിന് പ്രയാസമില്ലായിരുന്നു. ഇൻസെന്റീവിന് കേവലം ഒരു ഓ‌ർഡർ കൂടി മതിയെന്നുകണ്ടാൽ, ഓർഡർ നൽകാതെ ഒഴിവാക്കി കളയും

- ഓൺലൈൻ ഡെലിവറി ബോയ്