haritha-karmma-sena

മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്‌ കൊടിയിറങ്ങിയപ്പോൾ തീർത്ഥാടന വീഥികൾ ശുചീകരിക്കുന്ന തിരക്കിലായിരുന്നു മാന്നാർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾ. പരുമല പദയാത്രികർക്കായി വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വഴിയോരങ്ങളിൽ വിതരണം നടത്തിയിരുന്ന ലഘു ഭക്ഷണങ്ങളുടെയും ശീതള പാനീയങ്ങളുടെയും മറ്റും അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പെറുക്കി മാറ്റിയായിരുന്നു, പച്ചപ്പടയുടെ ശുചീകരണ പ്രവർത്തനങ്ങൾ. കോയിക്കൽ ജംഗ്ഷൻ മുതൽ പന്നായിക്കടവ് വരെയുള്ള സംസ്ഥാന പാതയുടെ ഇരു വശവും ശുചീകരണം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയിലെ ഉഷാ പി.നായർ, അന്നമ്മ ബേബി, പത്മാമാവതി, സന്ധ്യാ, ഗീതാ, അംബിക, ശോഭ, ഷീല എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, മാന്നാർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ അനിൽ എസ്.അമ്പിളി, റഷീദ് പടിപ്പുരയ്‌ക്കൽ എന്നിവർ ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.