ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നു വിശേഷിപ്പിക്കുന്ന വള്ളംകളി വേറെ ലെവലാക്കുകയെന്ന ലക്ഷ്യത്തോടെ വള്ളംകളി നടത്തിപ്പിന് കമ്പനിയുണ്ടാക്കാനുള്ള ആലോചനയിലാണ് ജലോത്സപ്രേമികൾ. ഫലപ്രഖ്യാപനത്തിൽ ഉൾപ്പെടെ പരാതികൾക്ക് ഇടയാക്കുകയും മത്സരാർത്ഥികളുടെയും കാണികളുടെയും അതൃപ്തിക്ക് കാരണമാകുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കി,​ ആസ്വാദകരെ ആകർഷിക്കുന്നതിനും നാടിന്റെ പൈതൃകമായി വള്ളംകളിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് വള്ളംകളി സംരക്ഷണ സമിതിയെന്ന കൂട്ടായ്മയാണ് കമ്പനി രൂപീകരണത്തിന് പിന്നിൽ. കുട്ടനാട് സ്വദേശിയായ എറണാകുളത്തെ ബിസിനസ് ഉടമ ജോർജ്കുട്ടി കരിയാനപ്പള്ളിയാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ കേന്ദ്രീകരിച്ചുള്ള ബോട്ട് ക്ളബ്ബുകളുടെയും പ്രവാസികളായ നൂറ് കണക്കിന് വള്ളംകളി പ്രേമികളുടെയും കൂട്ടായ്മയോടെ കമ്പനിയെന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പൊതു- സ്വകാര്യ പങ്കാളിത്തത്തിലോ അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമെന്ന നിലയിലോ കമ്പനിയുണ്ടാക്കാനാണ് ശ്രമം. കമ്പനിയുടെ കീഴിൽ പുന്നമട കേന്ദ്രീകരിച്ച് വാട്ടർ സ്റ്രേഡിയം നിർമ്മിച്ച് സീസൺ അടിസ്ഥാനത്തിലോ അല്ലാതെയോ വള്ളംകളികളും മറ്റ് വാട്ടർ സ്പോർട്സുകളും സാഹസിക വിനോദങ്ങളും സംഘടിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണിത്. വിദേശികളുൾപ്പെടെ ലക്ഷകണക്കിന് വിനോദ സഞ്ചാരികൾ വന്നുപോകുന്ന പുന്നമടപോലുള്ള സ്ഥലത്ത് പ്രകൃത്യാലുള്ള അനുകൂലഘടകങ്ങളെയും ഭൂപ്രകൃതിയെയും പരമാവധി ഉപയോഗപ്പെടുത്തി ടൂറിസം വികസനത്തിനൊപ്പം വള്ളംകളിയെ ലോകോത്തരമാക്കാമെന്നാണ് കണക്കുകൂട്ടൽ.

വാട്ടർ സ്റ്റേഡിയം വേറെ ലെവൽ

1.കൃഷി രഹിതവും ചെളിയും മാലിന്യങ്ങളും നിറഞ്ഞ് നശിക്കുന്നതുമായ കായൽ നിലങ്ങൾ നിശ്ചിത കാലത്തേക്ക് വാടകയ്ക്കെടുത്ത് അവിടെ വാട്ടർ സ്റ്റേഡിയമുണ്ടാക്കാം. ഷെയർ സമാഹരണത്തിലൂടെ ഫണ്ട് സമാഹരിക്കാം

2.പുന്നമട ഫിനിഷിംഗ് പോയിന്റ് ഉൾപ്പെടുന്ന ഭാഗത്ത് ചിറമുറി മുതൽ പവലിയൻ വരെയുള്ള ഭാഗത്ത് ഒരു കിലോമീറ്ററിലധികം വരുന്ന സ്ഥലത്ത് അരലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമ്മിക്കാം

3.ആർ. ബ്ളോക്ക് പോലുള്ള സ്ഥലത്ത് കായൽ നിലം പാട്ടത്തിനെടുത്ത് സ്വകാര്യ ഗ്രൂപ്പിനും സ്റ്രേഡിയം സജ്ജമാക്കാം. എ.സി ക്യാബിനുകളും നാടൻ ഭക്ഷണവും പാനീയങ്ങളുമുൾപ്പെടെ സജ്ജമാക്കി പ്രത്യേക ടിക്കറ്റിൽ വിൽക്കാം

4.മത്സരങ്ങൾ ശാസ്ത്രീയമായി നടത്തുന്നതിനൊപ്പം നഗരത്തിലും പുറത്തും ലൈവ് സ്ട്രീമിംഗിലൂടെ വള്ളംകളി നാടിന്റെ ആഘോഷമാക്കാം. ഡ്രാഗൺ ബോട്ടുകളിൽ മത്സരിക്കുന്നവരെ കൂടി പങ്കാളികളാക്കുന്നതോടെ വിദേശത്ത് വലിയ മാർ‌ക്കറ്റിംഗ് നേടിയെടുക്കാം

വള്ളംകളി വലിയ മാർക്കറ്റിംഗ് സാദ്ധ്യതയുള്ള കായിക ഇനമാണ് . സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് സർക്കാരും വള്ളംകളി സംഘാടകസമിതിയും മാറി ചിന്തിക്കാത്ത പക്ഷം സ്വകാര്യ കമ്പനിയായി വള്ളംകളി നടത്താനാണ് ആലോചന

- ജോർജ്കുട്ടി കരിയാനപ്പള്ളി ,വളളംകളി സംരക്ഷണ സമിതി