
ചെന്നിത്തല: വെള്ളം പമ്പിംഗ് നടത്തിയും നിലം ഉഴുതും വേനൽകൃഷിക്കായി തയ്യാറെടുത്ത കർഷകരെ കിളിർക്കാത്ത നെൽവിത്തുകൾ പ്രതിസന്ധിയിലാക്കുന്നു. അപ്പർ കുട്ടനാടൻ മേഖലയിൽപ്പെട്ട ചെന്നിത്തല പാടശേഖരത്തിലെ കർഷകരാണ് പരാതിക്കാർ. നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് ചെന്നിത്തല കൃഷി ഓഫീസ് മുഖാന്തിരം 15 ദിവസം മുമ്പ് ലഭിച്ച ജ്യോതി വിത്താണ് കിളിർപ്പ് ഇല്ലാത്തതിനെ തുടർന്ന് കർഷകരെ പ്രതിസന്ധിയിലാക്കിയത്. സാധാരണ 12 -16 മണിക്കൂർ നെടുനീർ കൊടുത്ത് കെട്ടുന്ന വിത്ത് കൃഷി ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം 20 മണിക്കൂർ നീർ കൊടുത്തിട്ടും മുളപ്പിൽ കാര്യമായ വ്യത്യാസം കാണാൻ കഴിഞ്ഞില്ലെന്നാണ്, ചെന്നിത്തല ഒമ്പതാം ബ്ലോക്ക് പാടശേഖരത്തിലെ കർഷകർ പരാതിപ്പെടുന്നത്. നിലമൊരുക്കി കാത്തിരിക്കുന്ന കർഷകർക്ക് പകരം അടിയന്തരമായി വിത്ത് ലഭിക്കാത്ത പക്ഷം നിലത്ത് കള ശല്യം വ്യാപകമായി കർഷകർക്ക് ഭാരിച്ച നഷ്ടമുണ്ടാകുമെന്ന് ചെന്നിത്തല ഒമ്പതാം ബ്ലോക്ക് പാടശേഖര സമിതി പ്രസിഡന്റ് പി.ജെ.റോമിയോ, സെക്രട്ടറി സന്തോഷ് എന്നിവർ പറഞ്ഞു.