മാന്നാർ: നവംബർ 5, 6, 7, 8 തീയതികളിലായി മാന്നാർ നായർ സമാജം സ്കൂളിൽ നടക്കുന്ന ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെങ്ങന്നൂർ ഉപജില്ലയിലെ 97 സ്കൂളുകളിൽ നിന്നായി ആകെ 339 മത്സര ഇനങ്ങളിലായി നാലായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. നായർ സമാജം ഗേൾസ് ഹൈസ്കൂളിന്റെ ഓപ്പൺ സ്റ്റേജ് പ്രധാനവേദിയായും ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയം, നായർ സമാജം ബോയ്സ് സ്കൂൾ ഓഡിറ്റോറിയം, എൻ.എസ് ടി.ടി.ഐ, അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായി ആറു വേദികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 ന് നായർസമാജം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. കലോത്സവത്തിന്റെ ഉദ്‌ഘാടനം നാളെ രാവിലെ 10 ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം നിർവഹിക്കും. സമാപന സമ്മേളനം 8ന് വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം സി.കെ ഹേമലത സമ്മാനദാനം നിർവഹിക്കും