അമ്പലപ്പുഴ: സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംതെറ്റിയ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് വണ്ടാനം പരിയാരം വീട്ടിൽ വിദ്യാധരൻ (58), ഭാര്യ പൊന്നമ്മ (55) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഇവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരാവസ്ഥയെ തുടർന്ന് പൊന്നമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എൻ കവല - ചമ്പക്കുളം റോഡിൽ കഞ്ഞിപ്പാടം പാലത്തിന് സമീപം ഞായറാഴ്ച ഉച്ചക്ക് 2 ഓടെ ആയിരുന്നു അപകടം. നെടുമുടിയിൽ നിന്ന് വണ്ടാനത്തേക്ക് വരുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിനു മുന്നിലൂടെ റോഡിന് മറുഭാഗത്തേക്ക് പോയ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് ഇരുവരക്കും റോഡിൽ വീണാണ് പരിക്കേറ്റത്.