കുട്ടനാട്: എടത്വ അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിൽ എടത്വാ ജംഗ്ക്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണം വൈകുന്നതിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാന പാത നവീകരണത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിട്ടും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി എടത്വാ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള നൽകിയ ഹർജിയിലാണ് മനുഷ്യാവകാശകമ്മിഷന്റെ ഇടപെടൽ.

ചമ്പക്കുളം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, പത്തനംതിട്ട കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ, ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി എക്സിക്യൂട്ടീവ് എൻജിനിയർ , അമ്പലപ്പുഴ പൊതുമരാമത്ത് വിഭാഗം അസി എൻജിനിയർ എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടാനും കമ്മിഷൻ തീരുമാനിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ട് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് 2023 സെപ്‌റ്റംബർ 27 ന് അനുമതി നൽകിയെങ്കിലും ഇനിയും അത് യാഥാർത്ഥ്യമായില്ല.