queue

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ സൂപ്പർസ്പെഷ്യാലിറ്റി സംവിധാനങ്ങളോടെയുള്ള ഒ.പി ബ്ളോക്ക് കെട്ടിടം ഉദ്ഘാടനം ചെയ്ത് രണ്ടാഴ്ചയായിട്ടും രോഗികളുടെ ദുരിതത്തിന് കുറവില്ല. കൊട്ടാരംപോലെ കെട്ടിടം പണിതിട്ടും ഒ.പി ടിക്കറ്റ് കൗണ്ടറുകളിലും മരുന്ന് വിതരണ വിഭാഗത്തിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം.

പുതിയ ബ്ളോക്കിൽ 9 ഒ.പി ടിക്കറ്റ് കൗണ്ടറുകളാണുള്ളത്. ഇതിൽ മുൻഗണനേതര വിഭാഗത്തിന്റേത് ഉൾപ്പടെ 5 കൗണ്ടറുകളാണ് തിങ്കളാഴ്ച പ്രവർത്തിച്ചത്. ഭിന്നശേഷിക്കാർക്ക് ഉൾപ്പടെയുള്ള നാല് കൗണ്ടറുകളിൽ ആളില്ലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന 9 ജീവനക്കാർ അഞ്ച് കൗണ്ടറുകളിലായിട്ടാണ് പ്രവർത്തിച്ചത്. അതിരാവിലെ മുതൽ ക്യൂനിന്നവർക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഒ.പി ടിക്കറ്റ് ലഭിച്ചത്.

ആശുപത്രിയിൽ ഏറ്റവുമധികം രോഗികളെത്തുന്നത് തിങ്കളാഴ്ചയും ജീവിതശൈലി രോഗങ്ങളുടെ ക്ളിനിക്കുള്ള ദിവസങ്ങളിലുമാണ്.

പരിശീലനം ലഭിച്ച ജീവനക്കാരില്ല

1.ഒ.പി കൗണ്ടറുകൾ പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാൻ വേണ്ട കമ്പ്യൂട്ടറുകളില്ല. പരിശീലനം ലഭിച്ച ജീവനക്കാരുമില്ല

2. ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയെങ്കിലും ഒ.പി രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവയ്ക്ക് കാലോചിതമായ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല

3.ഭിന്നശേഷിക്കാരുടെ കൗണ്ടറിൽ രജിസ്ട്രേഷൻ സൗകര്യമില്ലാത്തതിനാൽ അവരും സാധാരണ ക്യൂവിൽ നിന്നാണ് ഒ.പി ടിക്കറ്റെടുത്തത്

4. രാവിലെ ക്യൂവിൽ നിന്നാൽ ഒ.പി സമയം കഴിഞ്ഞാകും രജിസ്ട്രേഷൻ നടക്കുക. അവിടെ നിന്ന് വിഭാഗങ്ങളിലെത്തുമ്പോൾ ഡോക്ടർ‌മാർ സ്ഥലംവിട്ടിട്ടുണ്ടാകും

ഫാർമസിയിലും നീണ്ട നിര

 ഒ.പി രജിസ്ട്രേഷനും ഡോക്ടറെ കാണുന്നതിലെ കാലതാമസവും ശരിക്കും ബാധിക്കുന്നത് ഫാർമസിയെയാണ്

 ഡോക്ടറെ കണ്ട് പന്ത്രണ്ട് മണിയോടെ ഫാർമസിക്ക് മുന്നിലെത്തുന്നവർക്ക് ഉച്ചകഴിഞ്ഞേ മരുന്നുമായി മടങ്ങാനാകൂ

 കുറിപ്പടിയിലുള്ള മരുന്നുകളിൽ ചിലതില്ലെങ്കിൽ അതിനായി പുറത്ത് പോകേണ്ടിവരും

 അഞ്ച് കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും മരുന്ന് വിതരണം വേഗത്തിലാക്കാൻ കൂടുതൽ ജീവനക്കാർ ആവശ്യമാണ്

ഒ.പി കൗണ്ടറുകൾ

9

രാവിലെ പത്തരയ്ക്ക് ക്യൂവിൽ നിന്നതാണ്. ഇപ്പോൾ പതിനൊന്നരയായി. മുന്നിലെ ഇരുപത്തഞ്ചോളം പേർക്ക് ശേഷമേ രജിസ്ട്രേഷൻ നടത്താനാകൂ. ഒ.പിയിലെത്തുമ്പോൾ ഡോക്ടറുണ്ടായാൽ ഭാഗ്യം

- ശരവണൻ, തത്തംപള്ളി

ഒമ്പത് കൗണ്ടറുകളുണ്ടായിട്ട് ഭിന്നശേഷിക്കാരുടെത് ഉൾപ്പെടെയുള്ള കൗണ്ടറുകൾ പ്രവർത്തിക്കാത്തത് ശരിയല്ല. ഇതിനെതിരെ ഭിന്നശേഷി കമ്മിഷനെ സമീപിക്കും

- മോഹനൻ, കുതിരപ്പന്തി