
ആലപ്പുഴ : ആലപ്പുഴ നഗരസഭയിലെ പാലസ് വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിനെതിരെ വാർഡ് കൗൺസിലർ പി.എസ്.ഫൈസൽ ജല അതോറിട്ടി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. അടിയന്തരമായി കുടിവെള്ള പ്രശ്നം പരിഹരിക്കുക, വെള്ളത്തിന്റെ പമ്പിങ്ങ് തുടരെ മുടങ്ങുന്നതിനു ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കഴിഞ്ഞ അഞ്ചുദിവസമായി വാർഡിൽ കുടിവെള്ളം ലഭിക്കുന്നില്ലായിരുന്നു. ഒക്ടോബർ മാസത്തിൽ മാത്രം ഇരുപത് ദിവസത്തോളമാണ് കുടിവെള്ള വിതരണം മുടങ്ങിയത്. പഴവങ്ങാടി പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ളവിതരണം മുടങ്ങാൻ കാരണം. തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമീപിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് പി.എസ്.ഫൈസൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി മണിക്കൂറുകൾക്കകം അധികൃതർ പഴവങ്ങാടി പമ്പ് ഹൗസിലെ മോട്ടോർ തകരാർ പരിഹരിച്ചു. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് റീഗോ രാജു, ഡി.സി.സി ജനറൽ സൈക്രട്ടറിമാരായ ജി.സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് കുമാർ, കോൺഗ്രസ് മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ഷോളി സിദ്ധകുമാർ, നസീം ചെമ്പകപ്പള്ളി, നെടുമുടി ഹരികുമാർ തുടങ്ങിയവർ ഐക്യദാർഡ്യം നൽകി സമരത്തിൽ പങ്കെടുത്തു.
പമ്പിംഗ് പുനരാരംഭിച്ചു
 ജല അതോറിട്ടി ഉദ്യോഗസ്ഥർ ഇന്നലെ പഴവങ്ങാടി പമ്പ് ഹൗസിലെത്തി കേടായിരുന്ന മോട്ടോർ നന്നാക്കി പമ്പിംഗ് പുനരാരംഭിച്ചു
 പ്രവർത്തന രഹിതമായിരിക്കുന്ന രണ്ട് മോട്ടോറുകൾ ഉടൻ ശരിയാക്കി വയ്ക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി
 തിരുമല വാർഡ് കൗൺസിലർ ശ്വേത.എസ്.കുമാറും നാട്ടുകാരും ഇന്നലെ പരാതിയുമായി വാട്ടർ അതോറിട്ടി ഓഫീസിലെത്തി
വെള്ളം മുടങ്ങുന്നത് സ്ഥിരമായതോടെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. കുഴൽ കിണറുകളൊന്നും പ്രദേശത്തില്ല. ജല അതോറിട്ടിയുടെ വെള്ളം മാത്രമാണ് ആശ്രയം. പലരും വീടുകൾ ഉപേക്ഷിച്ചു ബന്ധു വീടുകളിലേക്ക് പോയിത്തുടങ്ങി
- പി.എസ്.ഫൈസൽ, പാലസ് വാർഡ് കൗൺസിലർ