ആലപ്പുഴ : ജനറൽ ആശുപത്രിയിലെ വനിതാഡോക്ടറുടെ പരാതിയിൽ സി.പി.ഐക്കാരനായ നഗരസഭ വൈസ് ചെയർമാനെ മാത്രം ജാമ്യമില്ലാകുറ്റം ചുമത്തി പ്രതിയാക്കുകയും സി.പി.എമ്മുകാരിയായ സ്ഥിരംസമിതി അദ്ധ്യക്ഷയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതിനെച്ചൊല്ലി സി.പി.എം - സി.പി.ഐ ബന്ധം വഷളാകുന്നു. പാർക്കിൽ മർദ്ദനമേറ്റ നഗരസഭാ ജീവനക്കാർക്ക് യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നാരോപിച്ചാണ് ഡോക്ടറും ജനപ്രതിനിധികളും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായത്. തുടർന്ന് ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്ഥിരംസമിതി അദ്ധ്യക്ഷയെ ഒന്നാംപ്രതിയാക്കിയും വൈസ് ചെയർമാനെ രണ്ടാം പ്രതിയാക്കിയും ചാർജ് ചെയ്ത കേസിൽ ഇരുവരും മുൻ കൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചശേഷമുണ്ടായ അട്ടിമറിയാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. വനിതാ ഡോക്ടർ പരാതിയിൽ പ്രധാനമായും പരാമർശിച്ചിരുന്ന സ്ഥിരം സമിതി അദ്ധ്യക്ഷയ്ക്കെതിരെ, തെളിവോ സാക്ഷിമൊഴികളോ ഇല്ലെന്ന കാരണത്താലാണ് പൊലീസ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. സ്ഥിരംസമിതി അദ്ധ്യക്ഷ ഡോക്ടറുടെ സമീപമെത്തി കസേര തട്ടിത്തെറിപ്പിച്ചെന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും ക്യാമറയിൽ ദൃശ്യങ്ങളില്ല. അതേസമയം വൈസ് ചെയർമാൻ ഡോക്ടറോട് കയർക്കുന്നതും വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ. സ്ഥിരംസമിതി അദ്ധ്യക്ഷ മോശമായി പെരുമാറിയതിന് സാക്ഷികളില്ലെങ്കിലും വൈസ് ചെയർമാനെതിരെ ചില ജീവനക്കാർ മൊഴി നൽകിയിട്ടുമുണ്ട്. സി.പി.എം അനുകൂല സർവീസ് സംഘടനക്കാരുടെ ഇരട്ടത്താപ്പാണിതെന്നാണ് സി.പി.ഐയുടെ ആക്ഷേപം.
എതിർപ്പുമായി മണ്ഡലം കമ്മിറ്റിയും
സ്ഥിരംസമിതി അദ്ധ്യക്ഷയ്ക്കെതിരെയും നഗരസഭ ഭരണവുമായി ബന്ധപ്പെട്ടും അടുത്തിടെ ഉയർന്ന ചില ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും പിന്നിൽ സി.പി.ഐ കൗൺസിലർമാരാണെന്ന പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ജനറൽ ആശുപത്രിയിലെ വിഷയം ഉണ്ടായത്. സി.പി.ഐ കൗൺസിലർമാരോടും നേതൃത്വത്തോടുമുള്ള നയത്തിനും പൊലീസ് നടപടികൾക്കുമെതിരെ സി.പി.ഐ ജില്ലാ, മണ്ഡലം കമ്മിറ്റികൾ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ പാർട്ടി മണ്ഡലം കമ്മിറ്റിയും നഗരസഭയിലെ പാർലമെന്ററി പാർട്ടിയും യോഗം ചേരുകയുമുണ്ടായി. വൈസ് ചെയർമാന്റെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയാക്കിയ കോടതി ഇന്ന് വിധിപ്രസ്താവം നടത്താനിരിക്കെ പ്രശ്നത്തിൽ കോടതി നിലപാടും നിർണായകമാകും.